Last Modified വ്യാഴം, 9 ജൂലൈ 2015 (16:36 IST)
1989ലാണ് മമ്മൂട്ടി അഭിനയിച്ച ‘മൃഗയ’ റിലീസായത്. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സിനിമയായിരുന്നു അത്. മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘര്‍ഷരംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരുന്നു. തിയേറ്ററുകളില്‍ തകര്‍പ്പന്‍ വിജയം നേടിയ സിനിമ ലോഹിതദാസിന്‍റെയും ഐ വി ശശിയുടെയും കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു.
എന്തായാലും മമ്മൂട്ടിയെപ്പോലെ പുലിയെ കീഴടക്കുന്ന നായകനാകാന്‍ മോഹന്‍ലാലും തയ്യാറെടുക്കുകയാണ്. ‘പുലിമുരുകന്‍’ എന്ന സിനിമയുടെ ചിത്രീകരണം വിയറ്റ്‌നാമില്‍ പുരോഗമിക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉദയകൃഷ്ണ.
വരയന്‍ പുലികളും മോഹന്‍ലാലും തമ്മിലുള്ള പോരാട്ടത്തിന്‍റെ രംഗങ്ങളായിരിക്കും ഈ സിനിമയിലെ നിര്‍ണായക സീനുകള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ വന്യജീവികളുമായി പോരാടി ജീവിക്കുന്ന ഒരു സാധാരണ ഗ്രാമീണനായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്.
ബാങ്കോക്കില്‍ നിന്നെത്തിയ പരിശീലകരാണ് പുലികളെ പരിശീലിപ്പിക്കുന്നത്. ചിത്രത്തിനായി വമ്പന്‍ സെറ്റുകള്‍ വിയറ്റ്നാമില്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രഭുവും ഈ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എന്തായാലും ‘മൃഗയ’ പോലെ, മമ്മൂട്ടിയുടെ ‘വാറുണ്ണി’ പോലെ, മോഹന്‍ലാലിന്‍റെ പുലിമുരുകനും മലയാളത്തില്‍ തരംഗമാകുമെന്ന് പ്രതീക്ഷിക്കാം.