മോഹന്‍ലാല്‍ പറഞ്ഞു - ‘ദൃശ്യം’ കമല്‍ഹാസന്‍ ചെയ്താല്‍ കലക്കും, അത് സത്യമായി, പാപനാശത്തിന് ലാഭം കോടികള്‍!

മോഹന്‍ലാല്‍, ദൃശ്യം, പാപനാശം, ബാഹുബലി, രാജമൌലി, കമല്‍ഹാസന്‍
Last Modified വ്യാഴം, 9 ജൂലൈ 2015 (15:06 IST)
പാപനാശം തകര്‍ക്കുകയാണ്. പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ കളക്ഷന്‍ 35 കോടിയിലേക്കേത്തുന്നു. ആദ്യ 20 നാളുകള്‍ക്കുള്ളില്‍ ഈ കമല്‍ഹാസന്‍ ചിത്രം 100 കോടി ക്ലബില്‍ പ്രവേശിക്കുമെന്ന് സൂചനകള്‍. സമീപകാലത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ബോക്സോഫീസ് പ്രകടനമാണ് പാപനാശം നടത്തുന്നത്.

ഓരോ ദിവസവും കളക്ഷന്‍ കൂടിക്കൂടി വരുന്ന കാഴ്ചയാണ് കാണാനാകുന്നത്. കമല്‍ഹാസന്‍റെ തകര്‍പ്പന്‍ പ്രകടനവും സ്ട്രോംഗ് തിരക്കഥയുമാണ് പാപനാശത്തെ മഹാവിജയമാക്കി മാറ്റുന്നത്. കലാഭവന്‍ മണി, ആശാ ശരത് എന്നിവരുടെ അഭിനയവും ജനപ്രീതി നേടി.

അതേസമയം, ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടെ കമല്‍ഹാസന്‍ മലയാളത്തിന്‍റെ ഇതിഹാസനായകന്‍ മോഹന്‍ലാലിന് നന്ദി പറഞ്ഞു. ദൃശ്യത്തിന്‍റെ തമിഴ് റീമേക്കില്‍ ആരഭിനയിക്കണമെന്ന ആലോചന വന്നപ്പോള്‍ ‘കമല്‍ഹാസന്‍ ചെയ്താല്‍ ഗംഭീരമാകും’ എന്ന് മോഹന്‍ലാലാണ് നിര്‍ദ്ദേശം വച്ചതത്രേ. തന്‍റെ പേര് നിര്‍ദ്ദേശിച്ച മോഹന്‍ലാലിന്‍റെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് കമല്‍ പറയുന്നു.

എന്തായാലും മലയാളത്തിന്‍റെ ദൃശ്യത്തെ വെല്ലുന്ന വിജയമാണ് പാപനാശം നടത്തുന്നത്. വെള്ളിയാഴ്ച എസ് എസ് രാജമൌലിയുടെ ബ്രഹ്മാണ്ഡചിത്രം ‘ബാഹുബലി’ വരുന്നത് മാത്രമാണ് പാപനാശത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് അല്‍പ്പം ആശങ്കയുണര്‍ത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :