അത് നടക്കില്ല, സംവിധായകൻ ഉറപ്പിച്ചു- മമ്മൂട്ടിക്കും മോഹൻലാലിനും ഇതെന്തു പറ്റി?

അപർണ| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (08:26 IST)
മമ്മൂട്ടിയും മോഹൻലാലും നിരവധി സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ട്വിന്റി 20യിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ഇതിനിടയിൽ രഞ്ജിതിന്റെയും രഞ്ജി പണിക്കരുടെയും തിരക്കഥയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊന്നിക്കുന്നു എന്ന വാര്‍ത്ത നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു.

ഈ വാർത്ത ആരാധകരുടെ മനസ്സില്‍ വലിയ പ്രതീക്ഷയാണുണര്‍ത്തിയത്. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ഈ പ്രചരണത്തോട് സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം.

“4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി – മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്.

മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നു.”

അതേസമയം, നിരവധി സിനിമകൾക്കാണ് മമ്മൂട്ടിയും മോഹൻലാലും ഡേറ്റ് നൽകുന്നത്. ഒരുമിച്ചൊരു സിനിമ ചെയ്യാൻ മനസ്സ് വെച്ചാൽ ഡേറ്റ് ഒരു പ്രശ്നമാകില്ലല്ലോ എന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. മലയാളത്തിന്റെ സൂപ്പർതാരങ്ങലെ ഒരുമിച്ച് ഒരിക്കൽ കൂടി ബിഗ്സ്ക്രീനിൽ കാണാൻ കഴിയുമെന്ന് കരുതി സന്തോഷിച്ച ആരാധകർ തന്നെയാണ് ഇങ്ങനെ ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :