നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (09:40 IST)
33 വർഷങ്ങൾക്ക് മുൻപാണ് ദളപതി എന്ന ഹിറ്റ് ചിത്രം റിലീസ് ആയത്. എല്ലാ മേഖലയിലും അത്ഭുതം സൃഷ്ടിച്ച സിനിമയായിരുന്നു ദളപതി. മമ്മൂട്ടി, രജനികാന്ത്, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ സിനിമ എക്കാലത്തെയും ഹിറ്റ് തമിഴ് ചിത്രങ്ങളിൽ മുൻപന്തിയിൽ ഉണ്ട്. മണിരത്നത്തിന്റേതായിരുന്നു സംവിധാനം. ദളപതി ആയിരുന്നു മണിരത്നം-രജനികാന്ത് കോമ്പോയുടെ അവസാന ചിത്രം. ഇപ്പോഴിതാ, നീണ്ട 33 വർഷങ്ങൾക്ക് ശേഷം രജിനികാന്തും മണിരത്നവും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്.
രജിനികാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12-ാം തീയതി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1991 ൽ 2024 ലേക്ക് എത്തി നിൽക്കുമ്പോൾ രജനികാന്തിന്റെ സ്റ്റാർഡത്തിന് വൻ ഉയർച്ചയാണുള്ളത്. മണിരത്നം ഇന്ന് ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. ഇവർ രണ്ട് പേരും വീണ്ടും ഒന്നിക്കുമ്പോൾ അത്ഭുതങ്ങളിൽ കുറവൊന്നും സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നില്ല.
മഹാഭാരതത്തിലെ കർണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് രജിനികാന്ത് അവതരിപ്പിച്ചത്. ദേവയായി മമ്മൂട്ടിയും പകർന്നാടി. ഇളയരാജയായിരുന്നു സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. അതേസമയം, കമൽ ഹാസൻ നായകനായെത്തുന്ന തഗ് ലൈഫിന്റെ പണിപ്പുരയിലാണ് മണിരത്നമിപ്പോൾ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.