വേട്ടയ്യനിലെ ആ ഭാഗം നീക്കം ചെയ്യണം, റിലീസ് തടയണം: ഹൈക്കോടതിയിൽ ഹർജി

Vettaiyan
Vettaiyan
നിഹാരിക കെ എസ്| Last Updated: വെള്ളി, 4 ഒക്‌ടോബര്‍ 2024 (09:51 IST)
ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമ ‘വേട്ടയ്യനെ'തിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിൽ പോലീസ് ഏറ്റുമുട്ടലുകളെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണമെന്നാവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മധുര സ്വദേശിയായ കെ. പളനിവേലു ഹൈക്കോടതി മധുരബെഞ്ചിൽ ആണ് ഹർജി സമർപ്പിച്ചത്. നിർദേശിച്ച ഭാഗങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും ഹർജിയിൽ ആവശ്യമുയരുന്നുണ്ട്.

ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവർ അടങ്ങിയ ബെഞ്ച് നിർമാതാക്കൾക്ക് നോട്ടീസയക്കാൻ ഉത്തരവിട്ടു. ഇതോടെ ആരാധകർ ആശങ്കയിലാണ്. നിലവിലെ കേസ് ചിത്രത്തിന്റെ റിലീസ് തടയുമോ എന്ന ആശങ്കയിലാണിവർ.

ഒക്ടോബർ പത്തിനാണ് ‘വേട്ടയൻ’ റിലീസ് ചെയ്യുന്നത്. മുന്നോടിയായി പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കുറ്റവാളികൾക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. ഇതിനെതിരെയാണ് പരാതിക്കാരൻ ഹർജി നൽകിയിരിക്കുന്നത്. വ്യാജ പോലീസ് ഏറ്റുമുട്ടലുകൾ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഇതിനെ മഹത്ത്വവത്കരിക്കുന്നത് അനുവദിക്കരുതെന്നും വാദിക്കുന്നു.

പോലീസ് ഏറ്റുമുട്ടലിൽ റൗഡികൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ തമിഴ്നാട്ടിൽ പതിവായ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കഴിഞ്ഞ 13 മാസത്തിനിടെ 13 പോലീസ് ഏറ്റുമുട്ടലുകൾ തമിഴ്‌നാട്ടിൽ ഉണ്ടായി. ഏകദേശം 13 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :