BIJU|
Last Updated:
വ്യാഴം, 2 നവംബര്‍ 2017 (15:02 IST)
മലയാള സിനിമയുടെ അണിയറയില്‍ വലിയ പടയൊരുക്കം നടക്കുകയാണ്. നാല്‍പ്പത് വര്‍ഷത്തോളമായി മലയാള സിനിമയെ താങ്ങിനിര്‍ത്തുന്ന മെഗാസ്റ്റാറുകള്‍ പരസ്പരം യുദ്ധത്തിന് തയ്യാറായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരും മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാരും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.
മമ്മൂട്ടിയുടെ ചിത്രത്തിന് ‘കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്’ എന്നാണ് പേര്. മോഹന്‍ലാല്‍ ചിത്രത്തിന് കുഞ്ഞാലിമരയ്ക്കാര്‍ എന്നുതന്നെയായിരിക്കും പേരെന്നറിയുന്നു. മമ്മൂട്ടിച്ചിത്രം സന്തോഷ് ശിവനും മോഹന്‍ലാല്‍ ചിത്രം പ്രിയദര്‍ശനും സംവിധാനം ചെയ്യും.
അശോക, ഉറുമി തുടങ്ങിയ ചരിത്രസിനിമകളൊരുക്കി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സംവിധായകനാണ് സന്തോഷ് ശിവന്. കാലാപാനി എന്ന സിനിമയിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തെ സ്ക്രീനിലേക്ക് ആവാഹിച്ച സംവിധായകനാണ് പ്രിയദര്ശന്.
മമ്മൂട്ടിയും മോഹന്‍ലാലും പ്രിയദര്‍ശനും സന്തോഷ് ശിവനും അടുത്ത സുഹൃത്തുക്കളുമാണ്. അങ്ങനെ കുഞ്ഞാലിമരയ്ക്കാരെപ്പറ്റിയുള്ള രണ്ട് സിനിമകള്‍ തമ്മിലുള്ള മത്സരം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തമ്മിലുള്ള പോരാട്ടമായും മാറുകയാണ്.
ടി പി രാജീവന്, ശങ്കര്‍ രാമകൃഷ്ണന് എന്നിവര്‍ മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രചിക്കുമ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന് പ്രിയദര്ശന് തന്നെയാണ് രചന നിര്‍വഹിക്കുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ കഥ മമ്മൂട്ടിച്ചിത്രത്തിനായി ഒരുക്കുമ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന് ഒരുപക്ഷേ കുഞ്ഞാലിമരയ്ക്കാര്‍ രണ്ടാമന്റെയോ മൂന്നാമന്റെയോ വീരകഥ ആധാരമാക്കിയാലും അത്ഭുതപ്പെടാനില്ല.
മമ്മൂട്ടിച്ചിത്രത്തിന് സന്തോഷ് ശിവന് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ കെ വി ആനന്ദ്, രവി കെ ചന്ദ്രന്, നീരവ് ഷാ അടക്കമുള്ള ക്യാമറാമാന്‍മാരെയാണ് പ്രിയദര്ശന് സ്വന്തം ചിത്രത്തിനായി ആലോചിക്കുന്നത്. മോഹന്‍ലാല്‍ - പ്രിയദര്ശന് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ സാബു സിറിള്‍ ആയിരിക്കും.