ദിവ്യാ ജോഷിയായി കാവ്യാ മാധവന്‍!

WEBDUNIA|
PRO
വിവാദ സന്യാസിനി ദിവ്യാ ജോഷിയായി കാവ്യാ മാധവന്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത് ദിവ്യാ ജോഷിയുമായി സാദൃശ്യമുള്ള സന്യാസിനി കഥാപത്രമാണത്രേ. സുമംഗല എന്നാണ് കാവ്യയുടെ കഥാപാത്രത്തിന്‍റെ പേര്.

ദിവ്യാ ജോഷിയുടെ അത്ഭുത പ്രവര്‍ത്തികളും ആരാധനകളും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എല്ലാ വിവാദങ്ങള്‍ക്കുമൊടുവില്‍ അവര്‍ ആത്മഹത്യയില്‍ അഭയം തേടിയത് കേരളത്തെ ഇളക്കിമറിക്കുകയും ചെയ്തു. ദിവ്യാ ജോഷിയുടെ ‘വിഷ്ണുമായ അവതാര’പ്രകടനങ്ങളാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ പ്രിയനന്ദനന്‍ ഹാസ്യാത്‌മകമായി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുളങ്ങ് രുദ്രത്ത് സന്യാസിയുടെ വേഷത്തില്‍ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ദിവ്യാ ജോഷിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കൊട്ടാരസദൃശ്യമായ വീട്, സഞ്ചരിക്കാന്‍ നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍, എന്ത് ആജ്ഞാപിച്ചാലും ചെയ്യാല്‍ കെല്‍പ്പുള്ള അംഗരക്ഷകര്‍ തുടങ്ങി ദിവ്യാജോഷി ആകെ മിന്നിത്തിളങ്ങി. പുതുക്കാട് വിഷ്ണുമായ ക്ഷേത്രത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് ഈറനണിഞ്ഞ് ഒറ്റമുണ്ടില്‍ ദര്‍ശനം നല്‍കുന്ന യുവ സന്യാസിനിയെ കാണാന്‍ സാധാരണക്കാര്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പലരും എത്തിയിരുന്നു. ചലച്ചിത്ര താരങ്ങളുടെയും വി‌വി‌ഐ‌പികളുടെയും കാണപ്പെട്ട ദൈവമായിരുന്നു ദിവ്യാ ജോഷി.

സന്തോഷ് മാധവന്‍ കേസ് ഉയര്‍ന്നു വന്നതോടെ ദിവ്യാ ജോഷിയുടെ പ്രതാപകാലം അസ്തമിച്ചു. ആ സംഭവത്തെ തുടര്‍ന്ന് ദിവ്യയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി. കുന്നംകുളം സ്വദേശി ജോര്‍ജില്‍ നിന്ന് പലപ്പോഴായി 90 ലക്‍ഷം രൂപ തട്ടിയെടുത്ത കേസില്‍ ഭര്‍ത്താവ് ജോഷിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തട്ടിപ്പ് കേസില്‍ തന്നെയും അറസ്റ്റ് ചെയ്യുമെന്ന ഭീതിയാണ് ദിവ്യ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

ഡിസംബറില്‍ തിയേറ്ററുകളിലെത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് പ്രിയനന്ദനന്‍റെ ആദ്യ കൊമേഴ്സ്യല്‍ ചിത്രമാണ്. രഞ്ജിത്താണ് ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. ഇര്‍ഷാദ്, ജഗദീഷ്, ഗീതാവിജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. എന്തായാലും കാവ്യയുടെ സന്യാസിനി വേഷം വരും നാളുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :