‘ഡോള്‍ഫിന്‍ ബാര്‍’ വാല്‍ മുറിച്ചതെന്തിന്?

WEBDUNIA|
PRO
‘ഡോള്‍ഫിന്‍ ബാര്‍’ എന്ന സിനിമയുടെ തിരക്കഥ അനൂപ് മേനോനാണ്. അപ്പോള്‍ തന്നെ ഇതൊരു ന്യൂ ജനറേഷന്‍ സിനിമയാണെന്ന മുദ്രകുത്തല്‍ സ്വാഭാവികം. സംവിധാനം ദീപനും നായകന്‍ സുരേഷ്ഗോപിയുമാണ്. പേരില്‍ ‘ബാര്‍’ ഉള്ളതുകൊണ്ട് നല്ല വെള്ളമടി സീനുകള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലും സ്വാഭാവികം.

എന്നാല്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് മലയാളത്തില്‍ ഇപ്പോള്‍ അത്ര നല്ല കാലമല്ല. കള്ളും കഞ്ചാവും തെറിവിളിയും സെക്സും പീഡനവുമൊക്കെയുള്ള സിനിമകള്‍ക്ക് ഒരു ന്യൂനപക്ഷം കയറുമെന്നല്ലാതെ ഫാമിലി പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് അകന്നുനില്‍ക്കുക തന്നെയാണ്. അടുത്തിടെ വന്ന 1983, തുടങ്ങിയ സിനിമകളെല്ലാം പൂര്‍ണമായും ക്ലീന്‍ എന്‍റര്‍ടെയ്നറുകളാണ്. ഒരു ദ്വയാര്‍ത്ഥ പ്രയോഗവും ആ സിനിമകളില്‍ ഇല്ല. അതുകൊണ്ടുതന്നെ കുടുംബങ്ങള്‍ കയറി ആ ചിത്രങ്ങള്‍ വിജയിപ്പിച്ചു.

ടി വി ചാനലുകള്‍ക്കും തെറി പറയുകയും കഞ്ചാവടിക്കുകയും ചെയ്യുന്ന സീനുകളുള്ള സിനിമകളോട് തീരെ താല്‍പ്പര്യമില്ല. ചാനലുകളുടെ ഓഡിയന്‍സ് കുടുംബങ്ങളാണെന്നതിനാല്‍ ക്ലീന്‍ സിനിമകള്‍ തെരഞ്ഞെടുക്കാനാണ് അവരും നില്‍ക്കുന്നത്.

ഇതോടെ ‘എ’ ബാഡ്ജുള്ള ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ശനിദശയായി. ‘ഡോള്‍ഫിന്‍ ബാര്‍’ ന്യൂ ജനറേഷന്‍ സിനിമയാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഡോള്‍ഫിന്‍ ബാറിലെ ‘ബാര്‍’ ഒഴിവാക്കിയിരിക്കുന്നു. ‘ദി ഡോള്‍ഫിന്‍സ്’ എന്നാണ് പുതിയ പേര്. പേരിലെ ‘ബാര്‍’ കുടുംബങ്ങളെ തിയേറ്ററില്‍ നിന്ന് അകറ്റിയാലോ എന്ന പേടികൊണ്ടാണത്രേ അണിയറപ്രവര്‍ത്തകര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇനി കുടുംബങ്ങള്‍ക്ക് ധൈര്യമായി തിയേറ്ററുകളിലെത്താം. ഡോള്‍ഫിന്‍സിന്‍റെ പ്രകടനം കണ്ട് കൈയടിക്കാം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :