രാജമാണിക്യം - 2 ചെയ്യാന്‍ താല്‍പ്പര്യമില്ല: അന്‍‌വര്‍ റഷീദ്

WEBDUNIA|
PRO
രാജമാണിക്യം മലയാള സിനിമയിലെ എക്കാലത്തെയും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നാണ്. ടി എ ഷാഹിദിന്‍റെ തിരക്കഥയില്‍ അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാംഗ് ഇപ്പോഴും ഹിറ്റാണ്. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത പ്രേക്ഷകരെ ആഹ്ലാദിപ്പിച്ചു. എന്നാല്‍, രാജമാണിക്യത്തിന് രണ്ടാം ഭാഗം വരുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ അന്‍‌വര്‍ റഷീദ് അറിയിച്ചു.

ഇതുസംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഒരു പ്രശസ്ത ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അന്‍‌വര്‍ റഷീദ് പറഞ്ഞു. “ഞാനും ടി എ ഷാഹിദും ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ച ഞങ്ങള്‍ തമ്മില്‍ നടന്നിട്ടുമില്ല. രാജമാണിക്യത്തിന്‍റെ രണ്ടാം ഭാഗം ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമില്ല” - അന്‍‌വര്‍ റഷീദ് വ്യക്തമാക്കി.

‘മിനിസ്റ്റര്‍ മാണിക്യം’ എന്ന പേരില്‍ രാജമാണിക്യത്തിന് രണ്ടാം ഭാഗം വരുന്നതായാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇക്കാര്യം അന്‍‌വര്‍ നിഷേധിച്ചെങ്കിലും മറ്റു ചില സാധ്യതകള്‍ തെളിഞ്ഞു കാണുന്നുണ്ട്. അതായത്, രാജമാണിക്യത്തിന് രണ്ടാം ഭാഗം എന്ന ആശയത്തെക്കുറിച്ച് ടി എ ഷാഹിദ് മമ്മൂട്ടിയുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്. ഇക്കാര്യം ഷാഹിദ് വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിക്കും ഈ പ്രൊജക്ടില്‍ താല്‍പ്പര്യമുണ്ട്. താല്‍‌പ്പര്യമില്ലാത്തത് അന്‍‌വര്‍ റഷീദിന് മാത്രമാണ്.

രാജമാണിക്യത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കഥ ഷാഹിദ് റെഡിയാക്കിക്കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. അപ്പോള്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മറ്റൊരു സംവിധായകന്‍ ചെയ്യാനാണ് സാധ്യത. ടി എ ഷാഹിദ് തന്നെ ഈ ചിത്രത്തിന്‍റെ സംവിധാനച്ചുമതല ഏറ്റെടുക്കാനും സാ‍ധ്യതയുണ്ട്. സംവിധായകനാകാന്‍ ഒരുങ്ങുന്ന ഷാഹിദിന് ഇതിനേക്കാള്‍ മികച്ചൊരു ലോഞ്ചിംഗ് ലഭിക്കാനുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :