രജനികാന്തിനെ കടത്തിവെട്ടുമോ വിമല്‍?

Last Updated: തിങ്കള്‍, 9 ജൂണ്‍ 2014 (18:10 IST)
കോച്ചടൈയാന്‍ എന്ന സിനിമ വിജയമാണെങ്കിലും അത് രജനികാന്ത് ആരാധകര്‍ക്ക് പോലും വലിയ തൃപ്തി നല്കിയ ചിത്രമല്ല. ഒരു രജനി സിനിമയ്ക്ക് ലഭിക്കുന്ന ആവേശകരമായ സ്വീകരണമൊന്നും കോച്ചടൈയാന്‌ ലഭിച്ചില്ല എന്നതും പരസ്യമായ രഹസ്യം തന്നെ. പുതിയ വാര്‍ത്ത കോച്ചടൈയാനെക്കുറിച്ചല്ല. ഒരു ചെറിയ തമിഴ് ചിത്രത്തേക്കുറിച്ചാണ്‌ - 'മഞ്ചപൈ' എന്ന കൊച്ചുസിനിമയെക്കുറിച്ച്.

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിമല്‍ ആണ്‌ മഞ്ചപൈയിലെ നായകന്‍. നായകന്റെ മുത്തച്ഛനായി രാജ്കിരണ്‍ അഭിനയിക്കുന്നു. മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ്‌ സിനിമ പറയുന്നത്. ലക്ഷ്മി മേനോനാണ്‌ നായിക.

1.55 കോടി രൂപയാണ്‌ നവാഗതനായ എന്‍ രാഘവന്‍ സംവിധാനം ചെയ്ത മഞ്ചപൈ ഒരു ദിവസം കൊണ്ട് കളക്ട് ചെയ്തത്. കോച്ചടൈയാന്‍ എന്ന വമ്പന്‍ സിനിമയുടെ തമിഴ്നാട്ടിലെ ആദ്യദിവസത്തെ കളക്ഷന്റെ എഴുപത് ശതമാനത്തോളം വരും ഇത്. തമിഴകത്തെ സൂപ്പര്‍ സംവിധായകനും നിര്മ്മാതാവുമായ ലിങ്കുസാമി നിര്‍മ്മിച്ച ഈ ലോബജറ്റ് ചിത്രം മെഗാഹിറ്റായി മാറുമെന്ന് ആദ്യനാള്‍ കൊണ്ടുതന്നെ ഉറപ്പിച്ചു.

പശങ്ക, കളവാണി, തൂങ്കാനഗരം, വാഗൈ സൂട വാ, കലകലപ്പ്, കേഡിബില്ല കില്ലാഡിരംഗ, ദേശിങ്കുരാജാ തുടങ്ങിയ ഹിറ്റുകള്‍ വിമലിന്റെ പേരില്‍ ഉണ്ടെങ്കിലും മഞ്ചപൈ ആയിരിക്കും വിമലിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റ് എന്നാണ്‌ ട്രേഡ് പണ്ഡിറ്റുകളുടെ പ്രവചനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :