പ്രൊഫസര്‍ സണ്ണിയാ‍യി മോഹന്‍ലാല്‍ ഗീതാഞ്ജലിയില്‍

WEBDUNIA|
PRO
മാടമ്പള്ളിയിലെ യക്ഷിയെ തളയ്ക്കാന്‍ ആരും സഞ്ചരിക്കാത്ത വഴിയില്‍ അലഞ്ഞ ഡോ സണ്ണി എന്ന മണിച്ചിത്രത്താഴിലെ മനോരോഗ വിദഗ്‌ദ്ധനായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാ‌ഞ്ജലി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ സണ്ണിയെ വീണ്ടും പ്രേക്ഷകരുടെ മുന്പിലെത്തിക്കുന്നത്. പ്രിയദര്‍ശനും ഡെന്നീസ്‌ ജോസഫും ചേര്‍ന്നാണ്‌ തിരക്കഥ രചിക്കുന്നത്.

എന്നാല്‍ ഈ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. പ്രൊഫസര്‍ സണ്ണി എന്ന മനോരോഗ വിദഗ്‌ദ്ധനാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നതു മാത്രമാണ്‌ ഈ സിനിമയ്ക്ക് മണിച്ചിത്രത്താഴുമായുളള ബന്ധം.

ജൂലൈ 2 ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കും. തിരുവനന്തപുരം ആണ് പ്രധാന ലൊക്കേഷനെങ്കിലും ഡല്‍ഹിയിലും ദുബായിലും ചില സീനുകള്‍ ഷൂട്ട് ചെയ്യും.

മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഇന്നസെന്റ്‌, കെ ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ പുതിയ ചിത്രത്തിലുമുണ്ട്‌. മധു, സിദ്ദിഖ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രമുഖ താരങ്ങള്‍. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ ശോഭന ഈ ചിത്രത്തിലില്ലെന്നതാണ് സൂചന.

നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹിന്ദി, തമിഴ് മേഖലയില്‍നിന്നുള്ള നായികമാരെയും ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ട്. സണ്ണിയുടെ പുതിയ മനഃശാസ്ത്ര പരീക്ഷണങ്ങളിലൂടെ ഒരു മികച്ച സൈക്കോ ത്രില്ലര്‍ മലയാളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :