ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ - നിരൂപണം

ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, നിരൂപണം, സിബി മലയില്‍, ജയറാം, ഷാജോണ്‍, പ്രിയാമണി
അമല ജീവന്‍ പ്രകാശ്| Last Updated: വെള്ളി, 31 ഒക്‌ടോബര്‍ 2014 (17:03 IST)
ജയറാമിനെയോ പ്രിയാമണിയെയോ ഷാജോണിനെയോ തിരക്കഥാകൃത്ത് ഗിരീഷ് കുമാറിനെയോകാള്‍ സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പ്രേക്ഷകര്‍
വിശ്വാസത്തിലെടുക്കുന്ന ഒരു പേരാണ് സിബി മലയില്‍. അദ്ദേഹത്തിന്‍റെ സിനിമയുടെ നിലവാരം പ്രേക്ഷകര്‍ അളക്കുക, അദ്ദേഹം തന്നെ മുമ്പ് ചെയ്ത കിരീടവുമായോ ഭരതവുമായോ കമലദളവുമായോ ആകാശദൂതുമായോ ഒക്കെ താരതമ്യം ചെയ്താണ്. 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന സിനിമ അദ്ദേഹം മുമ്പ് ചെയ്ത ഒരു സിനിമയുടെയുമൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളതല്ല. കണ്ടിരിക്കാവുന്ന ഒരു സാധാരണ സിനിമ മാത്രമായി ചുരുങ്ങിപ്പോയി വര്‍ഷങ്ങള്‍ക്ക് ശേഷം സിബി ചെയ്ത ഈ ചിത്രം.

നാടകീയമായ സംഭാഷണങ്ങളും നിലവാരമില്ലാത്ത സംവിധാനവുമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ. ചിത്രത്തിന്‍റെ ഏറ്റവും വലിയ ഗുണം എന്നത് കലാഭവന്‍ ഷാജോണിന്‍റെ ഗംഭീര പ്രകടനവും.

അഡ്വക്കേറ്റ് മനോജ്, ഭാര്യ ഭാവന എന്നീ കഥാപാത്രങ്ങളാണ് ചിത്രത്തിന്‍റെ മേജര്‍ സ്ക്രീന്‍ സ്പേസും നിറഞ്ഞുനില്‍ക്കുന്നത്. ജയറാമും പ്രിയാമണിയും ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രങ്ങളുടെ മകള്‍ മരണപ്പെടുന്നതോടെ ഇരുവരുടെയും ബന്ധത്തില്‍ ഉലച്ചിലുണ്ടാകുന്നു. മനോജിന് വിവാഹേതരബന്ധമുണ്ടെന്ന സംശയമുണ്ടാകുന്നതോടെ ഭാവനയുടെ ജീവിതവും വലിയ വെല്ലുവിളി നേരിടുന്നു. അങ്ങനെയിരിക്കെ അവരുടെ ജീവിതത്തിലേക്ക് ചില അതിഥികള്‍ കടന്നുവരുന്നു.

ഞങ്ങളുടെ വീട്ടിലെ അതിഥികളുടെ ബുക്ക് മൈ ഷോ നിരൂപണങ്ങള്‍ ഇവിടെ വായിക്കാം

ഒരു സസ്പെന്‍സ് ത്രില്ലര്‍ എന്ന രീതിയിലാണ് ചിത്രത്തിന്‍റെ പോക്കെങ്കിലും യാതൊരു സസ്പെന്‍സുമില്ലാത്ത ആഖ്യാനമാണ് സിനിമയുടേത്. അമ്പേ പാളിയ തിരക്കഥ സിനിമയുടെ ആസ്വാദനത്തിന് വിലങ്ങുതടിയാകുന്നു. നായികാ കഥാപാത്രത്തിന്‍റെ അവതരണത്തില്‍ തുടക്കത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും പിന്നീട് ക്ലീഷേകളിലേക്ക് അത് വീണുപോകുന്നു.

മുമ്പ് കണ്ട പല സിനിമകളെയും ഓര്‍മ്മിപ്പിക്കുന്നു ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. ഒരു ഭേദപ്പെട്ട കഥയുടെ മോശം അവതരണമായി ചിത്രം മാറിയപ്പോള്‍ അഭിനേതാക്കളെല്ലാം അവരുടെ റോളുകള്‍ ഭംഗിയാക്കി. രതീഷ് വേഗയുടെ സംഗീതം മികച്ച നിലവാരം പുലര്‍ത്തി.

റേറ്റിംഗ് : 2/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :