ജയൻ മരിച്ചതെങ്ങനെ? സൂപ്പർഹീറോയുടെ അന്ത്യനിമിഷങ്ങളിലൂടെ...

Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (12:29 IST)
മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍താരമെന്ന വിശേഷണത്തിന് അര്‍ഹനായ ജയന്‍ എങ്ങനെയാണ് മരിച്ചത്? ജയന്‍ അസ്തമിച്ച് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലവിധ ആരോപണങ്ങളും വിവാദങ്ങളും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ചോദ്യമാണിത്. ജയന്‍റെ മരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പല പ്രമുഖ നടന്‍‌മാര്‍ക്കും ആ സംഭവത്തിന്‍റെ പേരില്‍ ആരോപണങ്ങളുടെ കൂരമ്പുകളേറ്റു.

യഥാര്‍ത്ഥത്തില്‍ ജയന്‍റെ മരണം ഒരു അപകടം തന്നെയായിരുന്നു. 1980 നവംബര്‍ 16 ഞായറാഴ്ച. മദ്രാസിലെ ഷോളവാരം. കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഹെലികോപ്ടര്‍ ഫൈറ്റ് വേണമെന്ന് ജയന്‍ തന്നെയാണ് നിര്‍ബന്ധം പിടിച്ചത്. റബ്ബര്‍ തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ചെറിയ ഒരു ഹെലികോപ്ടറാണ് ചിത്രീകരണത്തിനായി കൊണ്ടുവന്നത്.

അന്ന് രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. പല തവണ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഉച്ചയ്ക്ക് മുമ്പ് ഷൂട്ടിംഗ് തീരുമെന്ന് കരുതിയിരുന്നതുകൊണ്ട് ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ പോലും കരുതിയിരുന്നില്ല. വിശന്നുപൊരിഞ്ഞാണ് ജയന്‍റെ നില്‍പ്പ്.

മഴമാറി അല്‍പ്പം വെയില്‍ തെളിഞ്ഞപ്പോള്‍ ഹെലികോപ്ടര്‍ രംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചു. രംഗം ഇതാണ് - വില്ലനായ ബാലന്‍ കെ നായര്‍ ഹെലികോപ്ടറില്‍ കയറി രക്ഷപ്പെടുന്നു. അത് തടയാനായി സുകുമാരന്‍ ഓടിക്കുന്ന ബൈക്കിന് പിന്നില്‍ എഴുന്നേറ്റുനിന്ന് ഹെലികോപ്ടറിന്‍റെ ലാന്‍ഡിംഗ് പാഡില്‍ തൂങ്ങി ജയനും ഹെലികോപ്ടറില്‍ കയറണം. അതിന് ശേഷം ബാലന്‍ കെ നായരും ജയനുമായി ഹെലികോപ്ടറില്‍ ഫൈറ്റ്.

ഹെലികോപ്ടര്‍ രംഗമായതിനാല്‍ റിഹേഴ്സല്‍ കാര്യമായി ഉണ്ടായിരുന്നില്ല. ബാലന്‍ കെ നായരുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ ലക്‍ഷ്യമാക്കി സുകുമാരനും ജയനും ബൈക്കില്‍ കുതിച്ചുപാഞ്ഞു. ബൈക്കിനുപിന്നില്‍ എഴുന്നേറ്റുനിന്ന് ഹെലികോപ്ടറിന്‍റെ ലാന്‍ഡിംഗ് പാഡില്‍ പിടിക്കാന്‍ ജയന്‍ ശ്രമിച്ചപ്പോള്‍ ബാലന്‍സ് തെറ്റി.

വീണ്ടും ബാലന്‍സ് ചെയ്തുനിന്ന് ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിച്ചു. അപ്പോള്‍ ജയന് കയറാന്‍ വേണ്ടി സൌകര്യമൊരുക്കാന്‍ പൈലറ്റ് സമ്പത്ത് ഹെലികോപ്ടര്‍ അല്‍പ്പം താഴ്ത്തി. മുകളില്‍ കയറിയ ജയന്‍, ബാലന്‍ കെ നായരുമായി ഫൈറ്റ് തുടങ്ങി. ബാലന്‍ കെ നായരെ അടിച്ചുവീഴ്ത്തിയ ശേഷം ജയന്‍ താഴേക്കുചാടി.

സംവിധായകന്‍ പി എന്‍ സുന്ദരം കട്ട് പറഞ്ഞു. രംഗം OK. ക്ലൈമാക്സ് രംഗം ഭംഗിയായി പൂര്‍ത്തിയായി. ഇനിയാണ് വിധിയുടെ കളി വരുന്നത്. തനിക്ക് കയറാന്‍ വേണ്ടി ഹെലികോപ്ടര്‍ പൈലറ്റ് അല്‍പ്പം താഴ്ത്തിക്കൊടുക്കുന്നത് പ്രേക്ഷകര്‍ തിരിച്ചറിയുമെന്നായിരുന്നു ജയന്‍റെ അഭിപ്രായം. ഒരു നിര്‍ദ്ദേശം ജയന്‍ മുന്നോട്ടുവച്ചു - ‘ഈ രംഗം വീണ്ടും ചിത്രീകരിക്കാം’.

സംവിധായകന്‍ പി എന്‍ സുന്ദരം ആദ്യം അതിന് വഴങ്ങിയില്ല. എന്നാല്‍ ജയന്‍ നിര്‍ബന്ധിച്ചു - സീന്‍ പെര്‍ഫെക്ട് ആകണം, വീണ്ടും ചിത്രീകരിക്കാം!

ഹെലികോപ്ടര്‍ വീണ്ടും സ്റ്റാര്‍ട്ട് ആയി. ബാലന്‍ കെ നായരുമായി ഹെലികോപ്ടര്‍ ഉയര്‍ന്നുപൊങ്ങി. സുകുമാരന്‍ ഓടിച്ച ബൈക്കിന്‍റെ പിന്നില്‍ നിന്ന് ഒരു പാളിച്ചയുമില്ലാതെ ജയന്‍ ഹെലികോപ്ടറില്‍ തൂങ്ങിക്കയറി. ബാലന്‍ കെ നായരുമായുള്ള ഫൈറ്റ് തുടങ്ങി. ഇരുവരും തകര്‍ത്ത് അഭിനയിക്കുന്നു.

ഫൈറ്റിനൊടുവില്‍ ജയന്‍ വീണ്ടും ലാന്‍ഡിംഗ് പാഡില്‍ തൂങ്ങിക്കിടക്കുകയാണ്. സാഹസികമായ രംഗങ്ങള്‍. ഈ സമയം ഹെലി‌കോപ്ടറിന്‍റെ നിയന്ത്രണം തെറ്റി. പൈലറ്റ് സമ്പത്ത് ആവുന്നത്ര ശ്രമിച്ചിട്ടും ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് നീങ്ങുകയാണ്. അപകടം ഉണ്ടാകുമെന്ന് സമ്പത്തിന് ഉറപ്പായി. ‘അപകടം ഉണ്ടാകാന്‍ പോകുന്നു, വേഗം രക്ഷപ്പെട്ടോളൂ’ എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് പൈലറ്റ് ഹെലികോപ്ടറില്‍ നിന്ന് താഴേക്ക് ചാടി.

ഇതോടെ ഷൂട്ടിംഗ് സെറ്റില്‍ കൂട്ടനിലവിളി ഉയര്‍ന്നു. ഒരുവിധത്തില്‍ ബാലന്‍ കെ നായരും ചാടി രക്ഷപ്പെട്ടു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ജയന് മാത്രം മനസിലായില്ല. അദ്ദേഹം അപ്പോഴും ലാന്‍ഡിംഗ് പാഡില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. വട്ടംകറങ്ങിയ ഹെലികോപ്ടര്‍ ജയനെയും കൊണ്ട് താഴേക്ക് പതിച്ചു.

ചോരയൊഴുകുന്ന മുഖവുമായി ജയന്‍ തളര്‍ന്നുകിടന്നു. ശരീരമാകെ പൊടിയില്‍ കുഴഞ്ഞിരുന്നു. സെറ്റിലുള്ളവര്‍ ഓടിയെത്തി ജയനെ പിടിച്ചുയര്‍ത്തി. ഏവരെയും അത്ഭുതപ്പെടുത്തി ജയന്‍ പറഞ്ഞു - “ഐ ആം ഓള്‍‌റൈറ്റ്. എനിക്കൊന്നുമില്ല.”

ഷൂട്ടിംഗ് ആവശ്യത്തിനായി വരുത്തിയ കാറിലേക്ക് ജയന്‍ നടന്നാണ് കയറിയത്. അദ്ദേഹം തീരെ അവശനായിരുന്നു. പക്ഷേ, ജയന്‍ മരിക്കും എന്ന് ആ സെറ്റിലുള്ളവരാരും സ്വപ്നത്തില്‍ പോലും കരുതിയില്ല. മദ്രാസ് ജനറല്‍ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മലയാളത്തിലെ എക്കാലത്തെയും കരുത്തനായ അഭിനേതാവിനെ മരണം കീഴടക്കിക്കഴിഞ്ഞിരുന്നു.

ആ സംഭവം കഴിഞ്ഞ് 31 വര്‍ഷം കഴിഞ്ഞിട്ടും ജയന്‍ ആരാധകമനസ്സുകളില്‍ ജീവിക്കുകയാണ്. വെറും ആറുവര്‍ഷം നീണ്ടുനിന്ന അഭിനയ ജീവിതം. പക്ഷേ, മലയാളികള്‍ ഉള്ളിടത്തോളം കാലം ജയന്‍ ഓര്‍മ്മകളിലൂടെ തലമുറകളിലേക്ക് ആവേശമായി പടരുകതന്നെ ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :