ചുവടുമാറ്റി ‘ത്രില്‍’ അടിച്ചൊരു പ്രിയന്‍

പ്രിയദര്‍ശന്‍
PROPRO
പ്രിയദര്‍ശന് കോമഡി മടുത്തു. മലയാളത്തിലും ഹിന്ദിയിലുമായി അമ്പതിലേറെ കോമഡിച്ചിത്രങ്ങളാണ് പ്രിയനിതുവരെ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന, ‘ഖട്ടാ മീഠാ’, ‘ദെ ദനാ ദന്‍’ എന്നീ ഹിന്ദി സിനിമകളും കോമഡി തന്നെ. എന്നാല്‍, കോമഡിയിനി വയ്യ എന്നാണ് പ്രിയദര്‍ശന്റെ നിലപാട്‌. അതുകൊണ്ടുതന്നെ, ഒരു കിടിലന്‍ ത്രില്ലര്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹിന്ദിക്ക് പ്രിയങ്കരനായ ഈ മലയാളിയായ സംവിധായകന്‍. ഈ ത്രില്ലറില്‍ നായകനായി അഭിനയിക്കുക, അമിതാഭ് ബച്ചനായിരിക്കും.

കോമഡിയില്‍ നിന്ന് ത്രില്ലറിലേക്കുള്ള പ്രിയന്റെ ചുവടുമാറ്റത്തിന് കാരണമെന്തായിരിക്കും? നമുക്ക് പ്രിയന്റെ കരിയര്‍ ഗ്രാഫൊന്ന് പരിശോധിച്ച് നോക്കാം. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന കോമഡി ചിത്രം ചെയ്തുകൊണ്ടാണ് സിനിമാരംഗത്തേക്ക് പ്രിയന്‍ കാലെടുത്ത് വയ്ക്കുന്നത്. തുടര്‍ന്ന് ദിലീപിനെ നായകനാക്കി ചെയ്ത ‘വെട്ടം’ വരെ മുപ്പത്തിയഞ്ച് മലയാളം സിനിമകള്‍. ഭൂരിഭാഗവും കോമഡി ചിത്രങ്ങള്‍.

ഇംഗ്ലീഷ് വിക്കിപ്പീഡിയ നല്‍‌കിയിരിക്കുന്ന കണക്കുകള്‍ പ്രകാരം, മൊത്തം അറുപത്തിമൂന്ന് സിനിമകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ മുപ്പത്തിനാല് സിനിമകള്‍ എവിടെ നിന്നൊക്കെയാണ് പ്രിയന്‍ അടിച്ചുമാറ്റിയതെന്ന് കൃത്യമായി വിക്കിപ്പീഡിയ ലിസ്റ്റുചെയ്യുന്നുണ്ട്. പ്രിയന്‍ മൊത്തം ചെയ്തിരിക്കുന്ന സിനിമകളില്‍ (റിലീസ് ചെയ്യാനിരിക്കുന്ന ‘ഖട്ടാ മീഠാ’, ‘ദെ ദനാ ദന്‍’ എന്നിവ ഉള്‍‌പ്പെടെ) ഇരുപത്തിരണ്ടോളം സിനിമകള്‍ ഹിന്ദിയിലാണ്. ഭൂരിഭാഗവും കോമഡിച്ചിത്രങ്ങള്‍ തന്നെ.

കോമഡി സിനിമയുടെ കാര്യം പറയുകയാണെങ്കില്‍, മലയാള സിനിമ എന്നും പ്രിയനോട് കടപ്പെട്ടിരിക്കും. മലയാള കോമഡി സിനിമയെ പൊളിച്ചെഴുതിയ പ്രിയന്‍, ഹിന്ദിയിലും അങ്ങനെ തന്നെ ചെയ്തു. ഹിന്ദിയിലെ സമകാലീന കോമഡി സിനിമകള്‍ക്ക് ഒരു ‘പ്രിയന്‍ ടച്ച്’ ഉണ്ടെന്നുള്ളത് സംശയാതീതമായ കാര്യമാണ്. എന്നാല്‍, മലയാളത്തില്‍ പ്രിയന്‍ അവസാനം ചെയ്ത കോമഡി ചിത്രങ്ങളായ ‘കിളിച്ചുണ്ടന്‍ മാമ്പഴ’വും ‘വെട്ട’വും വേണ്ടത്ര വിജയിക്കുകയുണ്ടായില്ല. പഴയ പോലെ, കോമഡി പറഞ്ഞ് ഫലിപ്പിക്കാന്‍ തനിക്കാവുന്നില്ല എന്ന് മനസിലായത് കൊണ്ടാവണം 2004 -ന് ശേഷം മലയാളത്തില്‍ സിനിമ പോലും ചെയ്തുനോക്കാന്‍ പ്രിയന്‍ മുതിരാഞ്ഞത്.

പ്രിയന്റെ ഹിന്ദി കരിയര്‍ ഗ്രാഫ് നോക്കിയാലും, 2006 -ല്‍ ഇറങ്ങിയ ‘മലാമല്‍ വീക്കിലി’ക്ക് ശേഷം വമ്പനൊരു ഹിറ്റ് ഉണ്ടായിട്ടില്ലെന്ന് കാണാം. മലാമലിന് ശേഷം പ്രിയന്‍ സംവിധാനം ചെയ്ത അഞ്ച് ഹിന്ദി സിനിമകളില്‍ മണിച്ചിത്രത്താഴിന്റെ റീമേക്കായ ‘ഭൂല്‍ ഭൂലയ്യ’യൊഴിച്ച് ബാക്കിയൊന്നിനും തീയേറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ ആയില്ല. ഷാരൂഖിനെ നായകനാക്കി, ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ റിമേക്ക് (2009 -ല്‍ ഇറങ്ങിയ ബില്ലു) ഒരുക്കിയെങ്കിലും തികഞ്ഞ ഫ്ലോപ്പ് ആയിരുന്നു.

പണ്ട് ‘പുലി’യായിരുന്നുവെങ്കിലും ഇപ്പോള്‍ ‘ശൌര്യം’ അത്രയ്ക്കില്ലാത്തതിനാലാവണം കോമഡിയില്‍ നിന്ന് ത്രില്ലറിലേക്കൊരു ചുവടുമാറ്റത്തിന് പ്രിയന്‍ തയ്യാറാവുന്നത്. അല്ലെങ്കില്‍ ‘കുട്ടിക്കളി’ മതിയാക്കി ഗൌരവമുള്ള സിനിമകള്‍ എടുക്കണമെന്ന തോന്നലുമാവാം. എന്തായാലും, പഴയ ബ്രിട്ടീഷിന്ത്യയിലെ എണ്ണം പറഞ്ഞ വേട്ടക്കാരിലൊരാളും പട്ടാള മേധാവിയുമായ ‘ജിം കോര്‍ബറ്റി’ന്റെ ജീവിതമാണ് പ്രിയന്റെ ത്രില്ലറിന് പ്രമേയമാവുന്നത്. കോമഡിക്ക് പുതിയ പാത തീര്‍ത്ത പ്രിയന്‍, ത്രില്ലറിലും കഴിവ് തെളിയിക്കുമെന്നാണ് ഹിന്ദി സിനിമാലോകം കരുതുന്നത്.

WEBDUNIA|
വാല്‍‌ക്കഷണം: പ്രിയദര്‍ശന്റെ വിക്കിപ്പീഡിയാ പ്രൊഫൈലിന് അല്‍‌പം വ്യത്യസ്തതയുണ്ട്. എല്ലാ സംവിധായകരുടെയും പ്രൊഫൈല്‍ പേജില്‍ നല്‍‌കുന്നത് പോലെ, സംവിധാനം ചെയ്തിട്ടുള്ള സിനിമകളുടെ ലിസ്റ്റ്, പ്രിയന്റെ പ്രൊഫൈലിലും കൊടുത്തിട്ടുണ്ട്. എന്നാല്‍, പ്രിയദര്‍ശന്റെ ലിസ്റ്റില്‍, മറ്റുള്ള സംവിധായകരുടെ പേരിനെ അപേക്ഷിച്ച് ഒരു നിര കൂടുതലാണ്. പ്രിയദര്‍ശന്‍ അടിച്ചുമാറ്റിയ ഒറിജിനല്‍ സിനിമകളുടെ പേരുകള്‍ നല്‍‌കാനാണ് ഈ നിര ഉപയോഗിച്ചിരിക്കുന്നത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :