ഇതിലും വലിയ സുനാമിയെ മമ്മൂട്ടി മറികടന്നിട്ടുണ്ട്!

ഡെവിന്‍ ജോണ്‍സ്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മമ്മൂട്ടി എന്ന മെഗാസ്റ്റാറാണ് ഇന്ന് സിനിമാലോകത്ത് ചര്‍ച്ചാവിഷയം. അദ്ദേഹം ഇപ്പോള്‍ പത്തോളം സിനിമകളുടെ പരാജയം നേരിടുകയാണ്. മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ചിലര്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നത്. മമ്മൂട്ടിയെ ഇതുവരെ മനസിലാക്കിയിട്ടില്ലാത്തവരാണ് ആ മഹാനടനേറ്റ ചെറിയൊരു തിരിച്ചടിയില്‍ ആഹ്ലാദിക്കുന്നത്.

ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനും വിജയത്തിന്‍റെ ട്രാക്കിലേക്ക് തിരിച്ചെത്താനും ഒരേയൊരു സിനിമ മതി മമ്മൂട്ടിക്ക്. ഇതുപോലെയുള്ള പരാജയങ്ങളും ആക്രമണങ്ങളും അതിജീവിച്ച് അദ്ദേഹം മൂന്നുപതിറ്റാണ്ടിലധികം പിടിച്ചുനിന്നെങ്കില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നിറം മങ്ങല്‍ തീര്‍ത്തും നിസാരം തന്നെയാണ്.

1987ല്‍ ഒരുപക്ഷേ മമ്മൂട്ടി ഭയന്നിട്ടുണ്ടാകും. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അന്നും ‘മമ്മൂട്ടിവിരുദ്ധര്‍’ ആര്‍ത്താഘോഷിച്ചിരുന്നു. ‘ഇതാ മമ്മൂട്ടിക്കാലം അവസാനിക്കാന്‍ പോകുന്നു’ എന്നായിരുന്നു വിളിച്ചുകൂവിയത്. ഡെന്നിസ് ജോസഫിന്‍റെ പേനത്തുമ്പില്‍ മമ്മൂട്ടിയുടെ ജാതകം മാറിയതാണ് പിന്നീട് മലയാള സിനിമ കണ്ടത്. ‘ന്യൂഡല്‍ഹി’ മലയാളത്തിന്‍റെ ചരിത്രം തന്നെ തിരുത്തിയെഴുതി. ആ ഒറ്റസിനിമയുടെ അത്ഭുതം ഇത്തവണയുമുണ്ടാകും. അതുകൊണ്ടുതന്നെ ഈ പരാജയങ്ങളൊന്നും മമ്മൂട്ടിയുടെ മനസിനെ ബാധിക്കാനിടയില്ല.

നിരവധി ദേശീയ - സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ നടനാണ് മമ്മൂട്ടി. ഏതെങ്കിലുമൊരു സിനിമയുടെ വാണിജ്യവിജയമോ പരാജയമോ മുന്‍‌നിര്‍ത്തി അദ്ദേഹത്തിന്‍റെ കരിയര്‍ വിശകലനം ചെയ്യുന്നതുതന്നെ വിഡ്ഢിത്തമാണ്. ചില വിശകലന വിദഗ്ധരുടെ ആശങ്കയൊന്നും മമ്മൂട്ടിയെ വച്ച് സിനിമയെടുക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് ഇല്ല എന്നതാണ് രസകരം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ 2015 മധ്യം വരെ മമ്മൂട്ടിയുടെ ഡേറ്റുകള്‍ വില്‍ക്കപ്പെട്ടുകഴിഞ്ഞു!

ഇനി വരാന്‍ പോകുന്ന മമ്മൂട്ടി സിനിമകളെല്ലാം തന്നെ കലാപരമായും വാണിജ്യപരമായും മികച്ച നിലവാരം പുലര്‍ത്തുന്നവയായിരിക്കും എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. രഞ്ജിത്, ലാല്‍ ജോസ്, സലിം അഹമ്മദ് തുടങ്ങിയവരുടെ സിനിമകള്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള കാലം തന്നെയാണ് വരുന്നതെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :