2000ത്തിൽ ആ കോൾ വന്നില്ലായിരുന്നെങ്കിൽ ഈ ഞാൻ ഉണ്ടാകില്ലായിരുന്നു, എല്ലാം ഒരാൾ കാരണം: കണ്ണ് നിറഞ്ഞ് സൂര്യ

ബാലയോട് നന്ദി പറഞ്ഞ് സൂര്യ

നിഹാരിക കെ.എസ്| Last Modified ശനി, 21 ഡിസം‌ബര്‍ 2024 (10:35 IST)
തന്റെ സിനിമാജീവിതം മാറ്റി മരിച്ച ആൾ സംവിധായകന്‍ ബാല ആണെന്ന് നടൻ സൂര്യ. സിനിമയിലെ ബാലയുടെ 25ാം വര്‍ഷവും വാനഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്ന വേദിയില്‍ വെച്ചായിരുന്നു സൂര്യ സംസാരിച്ചത്. ഗജിനിയും കാഖ കാഖയുമെല്ലാം തന്നിലേക്ക് എത്താന്‍ കാരണമായത് ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലെ നായക വേഷമാണെന്ന് സൂര്യ പറഞ്ഞു.

നന്ദ ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന സിനിമാകരിയറോ ഇത്തരത്തിലൊരു ജീവിതമോ തനിക്ക് ഉണ്ടാകില്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു. ബാലയുടെ രണ്ടാമത്തെ സിനിമ എന്നെ വെച്ച് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞതോടെ ജീവിതം തന്നെ മാറി. 2000ത്തില്‍ അങ്ങനെയൊരു കോള്‍ വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഈ സിനിമായാത്ര സാധ്യമാകില്ലായിരുന്നു, ഈ സ്ഥാനവും ഈ അംഗീകാരങ്ങളും ഒന്നും ലഭിക്കില്ലായിരുന്നു എന്നാണ് സൂര്യ കണ്ണ് നിറഞ്ഞ് വികാരാധീനനായി പറഞ്ഞത്.

'സേതു (ബാല സംവിധാനം ചെയ്ത ആദ്യ ചിത്രം) വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നെ ഏറെ സ്വാധീനിക്കുകയും ചെയ്ത ചിത്രമാണ്. അങ്ങനെയൊരു സംവിധായകനാണ് തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം എന്നെ വിശ്വസിച്ചതെന്ന് ഇപ്പോഴും മനസിലാക്കാനായിട്ടില്ല. എന്നെ ഞാന്‍ മനസിലാക്കുന്നതിനും മുന്‍പേ മനസിലാക്കിയ സംവിധായകനാണ് അദ്ദേഹം.

നന്ദ കണ്ടിട്ടാണ് അന്‍പുശെല്‍വനെ ഗൗതം എനിക്ക് നല്‍കുന്നത്. കാഖ കാഖ കണ്ടാണ് മുരുഗദോസ് സാര്‍ സഞ്ജയ് രാമസ്വാമിയെ തരുന്നത്. പിന്നീട് ഓരോ സിനിമകളായി വന്നു. എന്നാല്‍ എല്ലാത്തിനും തുടക്കം നന്ദ ആയിരുന്നു. ഞാന്‍ നിന്നെ നന്ദയാക്കാം, നിന്നെ ആളുകള്‍ ബഹുമാനിക്കുന്ന നിലയിലാക്കാം എന്ന് പറഞ്ഞ് വിളിച്ചത് ബാല അണ്ണനാണ്. ഈ സിനിമാ യാത്രയും ജീവിതവും സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,' സൂര്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :