'പോയി ഗോവിന്ദന്‍ മാഷോട് പറ' കുഞ്ഞിന്റെ അപൂര്‍വ രോഗത്തിനു ചികിത്സാ സഹായം ചോദിച്ചെത്തിയ യുവതിയെ അപമാനിച്ച് സുരേഷ് ഗോപി

കോയമ്പത്തൂരില്‍ സ്വദേശിയായ സിന്ധുവാണ് മകന്‍ അശ്വിനു വേണ്ടി ചികിത്സ സഹായം ആവശ്യപ്പെട്ട് സുരേഷ് ഗോപിയുടെ അടുത്തെത്തിയത്

രേണുക വേണു| Last Modified ശനി, 2 മാര്‍ച്ച് 2024 (12:51 IST)

അപൂര്‍വ രോഗമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം ചോദിച്ചെത്തിയ യുവതിയെ അപമാനിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഊട്ട് നടക്കുന്നതിനിടെയാണ് യുവതി സുരേഷ് ഗോപിയുടെ അടുത്ത് സഹായം ചോദിച്ചെത്തിയത്. 'പോയി ഗോവിന്ദന്‍ മാഷോട് ചോദിക്ക്' എന്നാണ് സുരേഷ് ഗോപി പരിഹാസ രൂപേണ യുവതിയോട് പറഞ്ഞത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കോയമ്പത്തൂരില്‍ സ്വദേശിയായ സിന്ധുവാണ് മകന്‍ അശ്വിനു വേണ്ടി ചികിത്സ സഹായം ആവശ്യപ്പെട്ട് സുരേഷ് ഗോപിയുടെ അടുത്തെത്തിയത്. ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാന്‍ പറഞ്ഞപ്പോള്‍ കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദന്‍ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ഇതോടെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു. പിന്നീട് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരാണ് സിന്ധുവിനെ സമാധാനിപ്പിച്ചത്.

സിന്ധു കോടീശ്വരന്‍ സ്ഥിരമായി കാണുക വഴിയാണ് സുരേഷ് ഗോപിയെ അറിയുന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോള്‍ രണ്ടു വയസ്സുള്ള മകന്‍ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു യുവതി. മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗത്തിന് ചികിത്സയിലാണ് അശ്വിന്‍. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :