നിഹാരിക കെ എസ്|
Last Updated:
തിങ്കള്‍, 2 ഡിസംബര്‍ 2024 (16:59 IST)
ശോഭിത-നാഗ ചൈതന്യ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. എല്ലാ പരമ്പരാഗത ചടങ്ങുകളും ഉള്‍പ്പെടുത്തിയാണ് നാഗ ചൈതന്യയുടെയും - ശോഭിതയുടെയും വിവാഹം. ഡിസംബര്‍ 4 ന് നടക്കാനിരിയ്ക്കുന്ന ശോഭിത - നാഗ ചൈതന്യ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഗോദുമ റായി പശു ദഞ്ചതം എന്ന ചടങ്ങാണ് ഏറ്റവുമാദ്യം നടന്നത്. അതിന് ശേഷം കഴിഞ്ഞ ദിവസം നടന്ന രാത സ്താപനയുടെയും മംഗളസ്‌നാനയുടെയും ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ പെല്ലിക്കുതുരു എന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ശോഭിത. ചുവന്ന സാരിയില്‍ അതി സുന്ദരിയായ ശോഭിതയെ ചിത്രങ്ങളില്‍ കാണാം. ദക്ഷിണേന്ത്യയിലെ വിവാഹത്തിന് മുമ്പുള്ള ഒരു പരമ്പരാഗത ചടങ്ങാണ് പെല്ലിക്കുതുരു, അതിനെ 'വധുമാരുടെ ഉത്സവം' എന്നാണ് പറയപ്പെടുന്നത്. വധുവിന്റെ ശുദ്ധീകരണത്തെയും പ്രതീകപ്പെടുത്തുന്നതാണ് ഈ ചടങ്ങ്.
ഈ ചടങ്ങിന്റെ ഭാഗമായിട്ടാണ് ഹല്‍ദിയും മെഹന്ദിയും നടക്കുന്നത്. മഞ്ഞളും ചന്ദനവും പനിനീരും മറ്റ് ചേരുവകളും ഉപയോഗിച്ച് വധുവിനെ കുളിപ്പിക്കും. അതിന് ശേഷം മെഹന്ദി അണിയിക്കും. മെഹന്ദിയ്ക്ക് ശേഷം ബൊമ്മല കൊളവു എന്ന ചടങ്ങാണ് നടക്കുക. വധുവിന്റെ വീട്ടുകാര്‍ സന്താനസൗഭാഗ്യത്തിന് വേണ്ടി പാവകളെ പ്രദര്‍ശിപ്പിക്കുന്നു. അതിന് ശേഷം സമ്മാനങ്ങള്‍ കൈമാറും. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് സമ്മാനം നല്‍കും. അതോടെ പെല്ലിക്കുതുരു ചടങ്ങ് തീരും.