നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (13:08 IST)
തമിഴിലെ മികച്ച ജോഡിയാണ് സൂര്യ-ജ്യോതിക. ശക്തമായ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത നടിയാണ് ജ്യോതിക. ഭർത്താവും നടനുമായ സൂര്യയുടെ കങ്കുവ എന്ന ചിത്രത്തിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ജ്യോതിക രംഗത്ത് വന്നിരുന്നു. ഇത് ഏറെ ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ, ക്ഷേത്ര ദർശനം നടത്തിയെന്ന പേരിൽ ജ്യോതികയ്ക്ക് നേരെ ട്രോളുകൾ. ട്രോളിന് കാരണമുണ്ട്.
കഴിഞ്ഞ ദിവസമാണ് ഭർത്താവ് സൂര്യയ്ക്കൊപ്പം ശ്രീമൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനത്തിന് ജ്യോതിക എത്തിയത്, ചിത്രങ്ങൾ വൈറലായതോടെയാണ് പരിഹാസ കമന്റുകൾ ഉയർന്നു വന്നത്. അതിന് കാരണം ക്ഷേത്രങ്ങളെ കുറിച്ച് മുമ്പ് ജ്യോതിക നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകളാണ്. തഞ്ചാവൂരിലെ ഒരു പ്രശസ്തമായ ക്ഷേത്രം സന്ദർശിച്ച ശേഷം ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നതിന് പകരം സ്‌കൂളുകളും ആശുപത്രികളും സംരക്ഷിക്കണമെന്ന് ജ്യോതിക പ്രസംഗിച്ചത് വിവാദമായിരുന്നു.
ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നാണ് വർഷങ്ങൾക്ക് മുമ്പ് ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് ജ്യോതിക പ്രസംഗിച്ചത്. നടിയുടെ പഴയ പ്രസംഗത്തിലെ വാക്കുകൾ വീണ്ടും കൊണ്ടുവന്നാണ് ഒരു വിഭാഗം ആളുകൾ ജ്യോതികയെ വിമർശിക്കുന്നത്.
ക്ഷേത്രങ്ങളിൽ പോയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ജ്യോതിക എന്തിനാണ് പിന്നെ മൂകാംബിക ദേവി ക്ഷേത്രത്തിൽ പോയി പ്രഹസനം നടത്തിയതെന്നാണ് ഒരാൾ ചോദിച്ചത്. ജ്യോതികയുടെ വാക്കും പ്രവൃത്തിയും രണ്ട് തരത്തിലാണെന്നും വ്യക്തിത്വമില്ലാത്ത ആളാണെന്നും ചിലർ പരിഹസിക്കുന്നു.