മയക്കുമരുന്ന് മാഫിയയുടെ കഥയുമായി മമ്മൂട്ടി? രണ്‍ജി പണിക്കര്‍ എഴുത്ത് തുടരുന്നു!

Mafia, Renji Panicker, Shaji Kailas, Mammootty, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, മമ്മൂട്ടി
BIJU| Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (17:13 IST)
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ഷാജി കൈലാസ് ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ കുറച്ചുനാളായി വരുന്നു. ഉടന്‍ ആരംഭിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടിന് ശേഷം മമ്മൂട്ടി ചിത്രം തുടങ്ങാനാണ് ഷാജി കൈലാസിന്‍റെ പരിപാടി. രണ്‍ജി പണിക്കരാണ് ഈ രണ്ട് സിനിമകളുടെയും തിരക്കഥ.

മമ്മൂട്ടിച്ചിത്രത്തിനായി മയക്കുമരുന്ന് മാഫിയയുടെ കഥയാണ് രണ്‍ജിയും ഷാജിയും ചേര്‍ന്ന് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പും മയക്കുമരുന്ന് മാഫിയയുടെ കഥ ഷാജി - രണ്‍ജി ടീം പറഞ്ഞിട്ടുണ്ട്. അത് ‘ഏകലവ്യന്‍’ എന്ന സിനിമയായിരുന്നു. ആ സിനിമയുടെ ഒരു എക്സ്റ്റന്‍ഷനായിരിക്കും പുതിയ സിനിമ.

കേരളത്തില്‍ ഡ്രഗ് മാഫിയയും കപടസ്വാമിമാരും പിടിമുറുക്കുന്നതിനെക്കുറിച്ചായിരുന്നു ഏകലവ്യന്‍. സമാനമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ഏകലവ്യന്‍ 2 എന്ന ചിന്ത പ്രസക്തവുമാണ്.

അന്ന് ഏകലവ്യനില്‍ ആദ്യം മമ്മൂട്ടിയെയാണ് ആന്‍റി നാര്‍ക്കോട്ടിക് വിംഗ് തലവന്‍ മാധവന്‍ എന്ന കഥാപാത്രമായി ആലോചിച്ചത്. പല കാരണങ്ങളാല്‍ മമ്മൂട്ടി ഈ സിനിമ വേണ്ടെന്നുവച്ചു. പകരം സുരേഷ്ഗോപിയെത്തുകയായിരുന്നു. ഈ സിനിമയോടെ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറി.

ഏകലവ്യന്‍ വേണ്ടെന്നുവച്ചത് മമ്മൂട്ടിക്ക് കനത്ത നഷ്ടമായി. ആ നഷ്‌ടം പരിഹരിക്കുക എന്ന ലക്‍ഷ്യം കൂടി ഏകലവ്യന്‍റെ തുടര്‍ച്ച സൃഷ്ടിക്കുന്നതിലൂടെ ഷാജിയും രണ്‍ജിയും ലക്‍ഷ്യമിടുന്നുണ്ടത്രേ. കപട സന്യാസിമാരും കഞ്ചാവും കള്ളക്കടത്തുമെല്ലാം പ്രമേയമാകുന്ന സിനിമയില്‍ മമ്മൂട്ടി ആന്‍റി നാര്‍ക്കോട്ടിക് വിംഗ് തലവനായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്തായാലും തിയേറ്ററുകളില്‍ തീ പാറുന്ന ഒരു സിനിമ ജനിക്കുകയാണെന്ന് പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :