aparna shaji|
Last Modified തിങ്കള്‍, 21 നവംബര്‍ 2016 (11:08 IST)
മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലെ ലുക്ക് സോഷ്യൽ മീഡിയയിലും അരാധകർക്കിടയിലും ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനിടയിൽ പുതിയ ചിത്രമായ പുത്തൻ പണത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. പുതിയ ചിത്രത്തിന് വേണ്ടി മമ്മൂട്ടി താടി വടിച്ചു. ഇപ്പോഴും ലുക്കിന് കുറവൊന്നുമില്ല. അറ്റം പിരിച്ചുവച്ച കട്ടിമീശയുമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് 'വമ്പൻ' ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് രഞ്ജിത് തന്നെ അത് നിഷേധിക്കുകയായിരുന്നു. കള്ളപ്പണത്തിന്റെ പ്രചരണ വഴികളും, പഴയ നോട്ടുകൾ പിൻവലിച്ചതും പുതിയ നോട്ടുകൾ നിലവിൽ വന്ന സാഹചര്യവും സിനിമയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
കള്ളപ്പണം പ്രമേയമാക്കുന്ന രഞ്ജിതിന്റെ മൂന്നാമത്തെ ചിത്രമാണിത്. രേവതി, ശ്വേത മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വി എം വിനു സംവിധാനം ചെയ്ത പെൺപട്ടണം എന്ന ചിത്രത്തിന്റെ കഥ രഞ്ജിതിന്റേതായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഇന്ത്യൻ റുപ്പി എന്നൊരു സിനിമയും രഞ്ജിത് ചെയ്തിരുന്നു.
മമ്മൂട്ടിയും രഞ്ജിതും ഒന്നിച്ച പ്രാഞ്ചിയേട്ടൻ, പാലേരി മാണിക്യം, കടൽ കടന്നൊരു മാത്തുകുട്ടി എന്നീ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ സിനിമയെന്ന് രഞ്ജിത് വ്യക്തമാക്കിയിരുന്നു. കാഷ്മോര, മാരി എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണ് ക്യാമറ. ഇനിയ, രണ്‍ജി പണിക്കര്‍,സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്ജ് എന്നീ താരങ്ങള്‍ പുത്തന്‍ പണത്തിലുണ്ടാകും