Rijisha M.|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (17:59 IST)
മമ്മൂട്ടിയെ നായകനാക്കി
സജീവ് പിള്ള സംവിധാനം ചെയ്യുന്ന 'മാമാങ്കം' പ്രതിസന്ധിയിലെന്ന് സൂചന. വൻ മുതൽമുടക്കിലെടുക്കുന്ന ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ കൂടി ഇനി ബാക്കിയുണ്ട്.
ഈ അവസരത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാവ് തിരക്കഥ തിരുത്തണമെന്ന ആവശ്യവുമായെത്തിയതെന്നും തുടർന്ന് ചിത്രം പ്രതിസന്ധി നേരിടുകയാണെന്ന് സിനിമാ മേഖലയില്‍ തന്നെയുള്ള ചിലര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
അതിനിടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നും അടുത്ത മാസത്തോടെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്. മാമാങ്കത്തെക്കുറിച്ചും ചിത്രം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അരുണേഷ് ശങ്കർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
പ്രതീക്ഷയോടെ, സന്തോഷത്തോടെ അഭിമാനത്തോടെയാണ് നാട്ടുകാരനായ സജി പിള്ളയുടെ മാമാങ്കം എന്ന ചരിത്രസിനിമ ഒരു വർഷം മുമ്പ് സാക്ഷാത്കാരത്തുടക്കം കുറിച്ചത്. എന്നാൽ നിർഭാഗ്യകരമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചതായറിയുന്നത്.
സംവിധായകനും പ്രമുഖ സാങ്കേതികപ്രവർത്തകരുമടക്കം റീപ്ലേസ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ
മാമാങ്കത്തെപ്പറ്റി ഒരു സുഹൃത്ത് പങ്കു വച്ച ചലച്ചിത്രവികാരങ്ങൾ:
മാമാങ്കത്തിന് എന്തു പറ്റി?
ഒടിയന്റെ പേരില്‍ അടിക്കാനും തടുക്കാനും ആളുകൂടിയിരിക്കുന്ന ഈ വേളയില്‍, സിനിമാസ്നേഹികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരോടാണ് ഈ ചോദ്യം.
മാമാങ്കം ഓര്‍മ്മയുണ്ടല്ലോ. നവാഗതനായ സജി പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചലച്ചിത്രം. Outstanding script എന്നാണ് മമ്മൂക്ക ആ തിരക്കഥയെപ്പറ്റി എഴുതിയത്.
ആ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും കേള്‍ക്കുന്നുണ്ടോ?
അതിന്റെ നിര്‍മ്മാതാവിനെ ഓര്‍മ്മയുണ്ടാവണം. ആര്.എസ്.വിമലിന്റെ കര്ണ്ണന് നിര്‍മ്മിക്കാമെന്നേറ്റ് ആഘോഷത്തോടെ പൂജ ചെയ്തിട്ട് പൂ പോലെ ഇട്ടേച്ചുപോയ കോടീശ്വരനായ പ്രവാസി, വേണു കുന്നമ്പിള്ളി. മാമാങ്കത്തെക്കുറിച്ച് കുറേനാള്‍മുമ്പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു:
' ഈ തിരക്കഥ നൂറു ശതമാനം പെര്‍ഫക്ട് ആയ ഒന്നാണ്. എഴുത്തുകാരന് പത്തുവര്‍ഷത്തോളം എടുത്ത് എഴുതിയതാണ്. വെറുതേ എഴുതിയല്ല. മാമാങ്കം നടന്ന സ്ഥലങ്ങളില്‍ പോയി താമസിച്ച് പഠനം നടത്തി ചെയ്തിരിക്കുകയാണ്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും, എത്ര നന്നായാണ് എഴുതിയിരിക്കുന്നത് എന്ന്.'
അങ്ങനെ നിര്‍മ്മാതാവും നായകനും പ്രശംസ കൊണ്ടു മൂടിയ ആ കലാസൃഷ്ടി ഇപ്പോള്‍ വലിയൊരു ദുരന്തത്തെ നേരിടുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
സിനിമ കുറേ ഭാഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ കഥയില്‍ മാറ്റം വരണമെന്ന് നിര്‍മ്മാതാവ് വാശി പിടിക്കുന്നതാണ് പ്രശ്നത്തിനു കാരണമെന്നാണ് അറിയുന്നത്. വര്‍ഷങ്ങളുടെ പഠനത്തില്‍നിന്നുണ്ടായ മാമാങ്കത്തിനുവന്ന ഗതിയാണിത്.
സിനിമാ ചിത്രീകരണം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
ഒരു സിനിമാപ്രവര്‍ത്തകന്റെ വര്‍ഷങ്ങളുടെ അധ്വാനം, കോടികള്‍ കളയാന്‍ മടിയില്ലാത്ത ഒരു സമ്പന്നന്റെ മാനസികനിലയ്ക്കനുസരിച്ച് പന്തു തട്ടുമ്പോള്‍ സിനിമയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ എന്തുചെയ്യുന്നു എന്ന ചോദ്യം ഉയരേണ്ടതുണ്ട്. രണ്ടാമൂഴം സിനിമയെക്കുറിച്ച് അതിന്റെ നിര്‍മ്മാതാവിന്റെ പരാമര്‍ശവും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. അദ്ദേഹത്തിന് എം.ടി.യുടെ തിരക്കഥയുടെ മൂല്യമോ എടുക്കാന്‍ പോകുന്ന സിനിമയെക്കുറിച്ചുള്ള സങ്കല്പമോ അറിയില്ല. ആയിരം കോടി മുടക്കണം, മഹാഭാരതം നിര്‍മ്മിക്കണം- ഇതേ അദ്ദേഹത്തിനറിയാവൂ. അതുപോലെയാണ് മാമാങ്കത്തിന്റെ നിര്‍മ്മാതാവിന്റെയും സ്ഥിതി.
ഇതുവരെ മുടക്കിയ പണമെന്നും അദ്ദേഹത്തിനു പ്രശ്നമല്ല. തിരക്കഥ മാറ്റിയെഴുതണം. ഇല്ലെങ്കില്‍ താനീ സിനിമ ഉപേക്ഷിക്കും. അതാണത്രേ ഭീഷണി.
മലയാളസിനിമ വളരുന്നു എന്നു തോന്നുന്നിടത്ത് നാം അനുഭവിക്കുന്ന ഭീഷണിയാണിത്. നൂറും ആയിരവും കോടിയുടേതായി സിനിമ മാറുന്നതിനനുസരിച്ച്, ഈ കലാരൂപം പ്രാഞ്ചിയേട്ടന്മാരുടെ എഴുന്നള്ളത്ത് പറമ്പായി മാറുന്നു. അവരുടെ അല്പത്തത്തിനും ഭീഷണിക്കും മുമ്പില്‍ നശിച്ചുപോകുന്നത് സിനിമയാണ്. സിനിമയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ചവരുടെ ജീവിതമാണ്.
പണക്കൊഴുപ്പിനു മുമ്പില്‍ ഒരു സിനിമ ആത്മഹത്യ ചെയ്യേണ്ടിവരുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ഒരു ശാപം നമുക്കുണ്ടാകുമോ?
സിനിമയെ സ്നേഹിക്കുന്നവര്‍ ചിന്തിക്കണം. "