മമ്മൂട്ടിയുടെ പയ്യം‌വെള്ളി ചന്തു നടക്കാതിരുന്നതിന് കാരണം പ്രിയദര്‍ശന്‍ !

മമ്മൂട്ടി, പ്രിയദര്‍ശന്‍, ജോഷി, ഡെന്നിസ് ജോസഫ്, മോഹന്‍ലാല്‍, Mammootty, Priyadarshan, Joshiy, Dennis Joseph, Mohanlal
BIJU| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (17:31 IST)
മമ്മൂട്ടിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്ന, അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം സമയം എന്ന് പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് മമ്മൂട്ടി നായകനായ ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി തകര്‍ന്നു. ഹിറ്റ് ജോഡിയായ ജോഷി - ഡെന്നിസ് ജോസഫ് ടീമിന്‍റെ നാല് മമ്മൂട്ടിച്ചിത്രങ്ങളാണ് അടുപ്പിച്ച് പൊട്ടിയത്. വീണ്ടും, സായംസന്ധ്യ, ന്യായവിധി, ആയിരം കണ്ണുകള്‍ എന്നീ സിനിമകളായിരുന്നു അവ. ആ വമ്പന്‍ ബജറ്റ് സിനിമകള്‍ക്കൊപ്പം മറ്റ് സംവിധായകരുടെ പല മമ്മൂട്ടിച്ചിത്രങ്ങളും തുടര്‍ച്ചയായി പരാജയമായി.

മമ്മൂട്ടി സിനിമയില്‍ നിന്ന് ഔട്ടാകുന്നു എന്ന് ഏവരും പറഞ്ഞുതുടങ്ങി. മമ്മൂട്ടിയുടെ തോളില്‍ കൈയിട്ടുനടന്നിരുന്ന പല നിര്‍മ്മാതാക്കളും മമ്മൂട്ടിയില്‍ നിന്ന് അകന്നുനിന്നു. എന്നാല്‍ രണ്ടുപേര്‍ മമ്മൂട്ടിയെ എങ്ങനെയെങ്കിലും വിജയത്തിന്‍റെ വഴിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. സംവിധായകന്‍ ജോഷിയും നിര്‍മ്മാതാവ് ജോയ് തോമസും ആയിരുന്നു അവര്‍.

മമ്മൂട്ടിക്ക് തിരിച്ചുവരവിന് ഒരു ഉഗ്രന്‍ ചിത്രം ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചു. കഥ കണ്ടെത്താന്‍ ഡെന്നിസ് ജോസഫിനോട് പറഞ്ഞു. പല കഥകളും ഡെന്നിസ് ആലോചിച്ചു. ഒടുവില്‍ ഒരു കഥ തീരുമാനിച്ചു - പയ്യം‌വെള്ളി ചന്തു!

വടക്കന്‍‌പാട്ടിലെ വലിയ പേരുകളിലൊന്നാണ് പയ്യം‌വെള്ളി ചന്തുവിന്‍റേത്. തച്ചോളി ഒതേനന് ഗുരുസ്ഥാനീയന്‍. ഒരുപാട് പോരാട്ടങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ജീവിതകഥ. ഉദയാച്ചിത്രങ്ങളുടെ ശൈലിയില്‍ നിറം‌പിടിപ്പിച്ച ഒരു കടത്തനാടന്‍ വീരഗാഥ. നിറയെ പാട്ടുകളും ഫൈറ്റും കളരിപ്പയറ്റും എല്ലാമായി ഒരു അടിപൊളി സിനിമ. ഈ കഥ ചെയ്യാമെന്ന് ജോഷിയും ജോയ് തോമസും ഡെന്നിസ് ജോസഫും തീരുമാനിക്കുന്നു.

അതിനുള്ള എല്ലാ കാര്യങ്ങളും ഒരുക്കുന്നതിനിടെയാണ് ഇടിത്തീ പോലെ ഒരു വാര്‍ത്ത വരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വടക്കന്‍‌പാട്ട് പശ്ചാത്തലത്തിലാണ്. നായകന്‍ മോഹന്‍ലാല്‍. പടത്തിന് പേര് ‘കടത്തനാടന്‍ അമ്പാടി’!

ആ സിനിമ സംഭവിക്കുമ്പോള്‍ അതേ പശ്ചാത്തലത്തില്‍ ഒരു മമ്മൂട്ടിച്ചിത്രം കൂടി എത്തുന്നത് അത്ര ആരോഗ്യകരമായി ജോഷിക്കും ഡെന്നിസിനും ജോയ് തോമസിനും തോന്നിയില്ല. അവര്‍ പയ്യം‌വെള്ളി ചന്തു വേണ്ടെന്നുവച്ചു. പകരം മറ്റൊരു കഥ കണ്ടെത്തി. അതായിരുന്നു - ന്യൂഡെല്‍ഹി!

വാല്‍ക്കഷണം: ഇപ്പോഴും പയ്യം‌വെള്ളി ചന്തു മമ്മൂട്ടിയുടെ സ്വപ്നമാണ്. അത് സിനിമയാക്കാന്‍ ഹരിഹരന്‍ ഏറെക്കാലമായി ശ്രമം തുടങ്ങിയിട്ട്. എംടി തിരക്കഥയെഴുതാന്‍ ആലോചിച്ചിരുന്നു. പിന്നീട് രഞ്ജിത് തിരക്കഥ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ആ പദ്ധതികളെല്ലാം പരാജയമായി. ഇപ്പോള്‍ ഹരിഹരനും എം ടിയും മമ്മൂട്ടിയും വീണ്ടും പയ്യം‌വെള്ളി ചന്തുവിനായി ശ്രമം ആരംഭിച്ചു എന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :