രേണുക വേണു|
Last Modified ചൊവ്വ, 23 ജനുവരി 2024 (12:38 IST)
അല്‍പ്പം പിടിവാശിയും അതിലേറെ കുസൃതിയും ഉള്ള നടനാണ് മമ്മൂട്ടി. മലയാള സിനിമയുടെ തലപ്പത്ത് വല്ല്യേട്ടനായി നില്‍ക്കുന്ന മമ്മൂട്ടിയുടെ പിടിവാശിയും കുസൃതിയും സഹപ്രവര്‍ത്തകര്‍ അടക്കം ആസ്വദിക്കുന്നുണ്ടെന്നതാണ് മറ്റൊരു കൗതുകം. ഇതേ കുറിച്ച് ചില സംവിധായകര്‍ തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
ലാല്‍ ജോസ് തന്റെ സംവിധാന കരിയറിന് തുടക്കം കുറിച്ചത് മമ്മൂട്ടിയിലൂടെയാണ്. ഒരു മറവത്തൂര്‍ കനവാണ് ലാല്‍ ജോസിന്റെ ആദ്യ ചിത്രം. 'നിന്റെ സിനിമയില്‍ ഞാന്‍ നായകനാകാം' എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അന്നത്തെ സഹസംവിധായകനായ ലാല്‍ ജോസ് എന്ന ചെറുപ്പക്കാരന്‍ താന്‍ സ്വപ്നലോകത്താണോ എന്ന് ഒരുനിമിഷം ചിന്തിച്ചുനിന്നു.
മമ്മൂട്ടിയെ പോലൊരു മഹാനടനെ തുടക്കക്കാരനായ താന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്ന് ആലോചിച്ച് ലാല്‍ ജോസ് അന്ന് ടെന്‍ഷന്‍ അടിച്ചിരുന്നു. പിന്നീട് മറവത്തൂര്‍ കനവിന്റെ കഥ ലാല്‍ ജോസ് മമ്മൂട്ടിയോട് പറഞ്ഞു. സിനിമ ചെയ്യാന്‍ മമ്മൂട്ടി സമ്മതം മൂളി. മറവത്തൂര്‍ കനവിലെ ചാണ്ടി എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ശരീരവും എങ്ങനെയാണെന്ന് ലാല്‍ ജോസ് വിവരിച്ചു. കഥാപാത്രത്തിനായി മുടി പറ്റെവെട്ടണമെന്ന് ലാല്‍ ജോസ് പറഞ്ഞു. മുടി പറ്റെവെട്ടാന്‍ പറ്റില്ലെന്ന് മമ്മൂട്ടി തറപ്പിച്ചു പറഞ്ഞു. ലാല്‍ ജോസും വിട്ടുകൊടുത്തില്ല. ഈ തര്‍ക്കം ഇങ്ങനെ നീണ്ടുനിന്നു. മുടി പറ്റെവെട്ടാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് മമ്മൂട്ടി ലാല്‍ജോസിന്റെ അടുത്തുനിന്ന് പോയി. പിറ്റേന്ന് സിനിമയുടെ പൂജയാണ്. മമ്മൂട്ടി പൂജയ്ക്കായി എത്തിയത് തല മൊട്ടയടിച്ചാണ്. സിനിമയ്ക്ക് ആവശ്യമായ രീതിയില്‍ എന്ത് വേണമെന്ന് ലാല്‍ ജോസിനോട് ചോദിക്കുന്നു. ഈ കുസൃതിയും പിടിവാശിയും മമ്മൂട്ടിക്ക് എന്നുമുണ്ടെന്ന് ലാല്‍ ജോസ് ചിരിയോടെ ഓര്‍ക്കുന്നു.