Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (15:43 IST)
മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ജയരാജ്. ഭരതന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായി സിനിമയിലെത്തിയ അദ്ദേഹം, വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി മാറിയത്. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ജയരാജിന്‍റെ വലിയ സ്വപ്നമായിരുന്നു. ആ ലക്‍ഷ്യം സാക്ഷാത്കരിക്കാനായി മൂന്ന് കഥകളുമായി ജയരാജ് ഒരിക്കല്‍ മമ്മൂട്ടിയുടെ അടുത്തുചെന്നു.
മൂന്ന് കഥകളും വായിച്ച ശേഷം മമ്മൂട്ടി ജയരാജിനോട് പറഞ്ഞു - നിന്നെ ഞാന്‍ പണ്ടേ നോട്ടമിട്ടതാ... എന്ന്. ഭരതനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ജയരാജിന്‍റെ കഴിവുകള്‍ മമ്മൂട്ടി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
ജോണി വാക്കര്‍ ആണ് മമ്മൂട്ടിയെ നായകനാക്കി ജയരാജ് ആദ്യം സംവിധാനം ചെയ്ത സിനിമ. അത് സൂപ്പര്‍ഹിറ്റായി. ലൌഡ് സ്പീക്കറിന്‍റെ തിരക്കഥ ജയരാജ് എഴുതാന്‍ കാരണക്കാരനായതും മമ്മൂട്ടിയായിരുന്നു.
ലൌഡ് സ്പീക്കര്‍ എന്ന സിനിമയ്ക്ക് രഞ്ജിത് തിരക്കഥ എഴുതണമെന്നായിരുന്നു ജയരാജിന്‍റെ ആഗ്രഹം. അതിനായി രഞ്ജിത്തിന്‍റെ പിന്നാലെ കുറേ നടന്നു. എന്നാല്‍ തിരക്കഥ എഴുതിക്കിട്ടിയില്ല. ഒടുവില്‍ മമ്മൂട്ടി ജയരാജിനോട് പറഞ്ഞു - “നീ അങ്ങെഴുത്, നിന്നെക്കൊണ്ട് പറ്റും”. അങ്ങനെയാണ് ജയരാജ് ലൌഡ് സ്പീക്കര്‍ എഴുതി സംവിധാനം ചെയ്യുന്നത്.