BIJU|
Last Modified തിങ്കള്‍, 31 ഡിസംബര്‍ 2018 (11:22 IST)
അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന നടനാണ് മമ്മൂട്ടി. തന്നെ വിസ്മയിപ്പിക്കുന്ന കഥകള്‍ തേടിയാണ് മഹാനടന്റെ സഞ്ചാരം. അങ്ങനെ കണ്ടെത്തുന്ന കഥകള്‍ സിനിമയാകുമ്പോള്‍ പിന്നീട് വിസ്മയിക്കുന്നത് പ്രേക്ഷകരാണ്. മമ്മൂട്ടിയുടെ നിഗമനങ്ങള്‍ 70 ശതമാനവും കൃത്യമാകാറുണ്ട്. എന്നാല്‍ ചില കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പാളിച്ച പറ്റാറുമുണ്ട്. എന്നാല്‍ അങ്ങനെ പരാജയപ്പെട്ടുപോകുന്ന സിനിമകള്‍ പോലും നല്ല സിനിമകളായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല.
ഇമേജുകളില്‍ ഒരിക്കലും തന്നെ തളച്ചിടാന്‍ മമ്മൂട്ടി ശ്രമിക്കാറില്ല. അദ്ദേഹം നായകനും വില്ലനുമാകും. പൊലീസുകാരനും കള്ളനുമാകും. രാഷ്ട്രീയനേതാവും അടിമയുമാകും. മെഗാസ്റ്റാറെന്ന ഇമേജ് നിലനിര്‍ത്താനായി മാത്രം സിനിമകള്‍ തെരഞ്ഞെടുക്കുന്ന രീതിയും മമ്മൂട്ടിക്കില്ല.
ബാലു മഹേന്ദ്ര എന്ന വിഖ്യാത സംവിധായകന്റെ ‘യാത്ര’ എന്ന സിനിമ തെരഞ്ഞെടുത്തപ്പോഴും മമ്മൂട്ടി തന്റെ ഇമേജ് നോക്കിയില്ല. ആ സിനിമയില്‍ ഒരു പരാജിതനാണ് മമ്മൂട്ടി. കടുത്ത മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവരുന്ന, വിധിയുടെ വിളയാട്ടത്താല്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഒരു നിസഹായന്റെ വേഷം. പക്ഷേ ആ കഥയിലെ പ്രണയവും സത്യസന്ധതയും മമ്മൂട്ടിയെ ആകര്‍ഷിച്ചു.
ജോണ്‍ പോള്‍ ആയിരുന്നു ‘യാത്ര’യുടെ തിരക്കഥ. പടം ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യു കണ്ട സൂപ്പര്‍ സംവിധായകന് ഐ വി ശശി ഞെട്ടിപ്പോയി. മെഗാസ്റ്റാര്‍ ഇത്ര പാവമായി അഭിനയിച്ചത് ഐ വിശശിക്ക് പിടിച്ചില്ല. ‘മമ്മൂട്ടി ഇത് ചെയ്യേണ്ടിയിരുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
പക്ഷേ പടം ഇറങ്ങിയപ്പോഴോ? ചരിത്രം തിരുത്തിക്കുറിച്ച വിജയമായി
യാത്ര മാറി. ആ സിനിമയിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.