Last Modified ബുധന്‍, 23 ജനുവരി 2019 (10:38 IST)
മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അരങ്ങേറ്റ ചിത്രമാണ് ഒരു മരവത്തൂർ കനവ്. കമലിന്റെ ശിഷ്യനായ ലാൽ ജോസിന്റെ ആദ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്
ശ്രീനിവാസൻ ആയിരുന്നു. ഈ മൂന്ന് കൂട്ടുകെട്ടും ചേർന്ന് പ്രേക്ഷകരെ കൈയിലെടുക്കുകയും ചിത്രം ഹിറ്റാകുകയും ചെയ്തു.
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി പാതിയായിട്ടും ചിത്രത്തിന് പേര് കണ്ടെത്തിയിരുന്നില്ല. ഗുരുവായ കമല്‍ ചിത്രങ്ങളുടെ പേര് പോലെ ആകര്‍ഷണീയമായ ഒരു പേര് വേണമെന്നായിരുന്നു ലാല്‍ജോസ് ശ്രീനിവാസനോട് പറഞ്ഞത്. നിരവധി പേരുകള്‍ ചര്‍ച്ച ചെയ്തെങ്കിലും ഒന്നും ആര്‍ക്കും സ്വീകാര്യമായില്ല.
അതേസമയം ടൈറ്റില്‍ നാമമായാല്‍ തെറ്റില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മനസ്സിൽ. ഇതറിഞ്ഞ ശ്രീനിവാസൻ സംവിധായകനായ ലാൽ ജോസിനേയും വിളിച്ച് മമ്മൂട്ടിയെ ചെന്നുകണ്ടു. ചിത്രത്തിന് 'കുറ്റിയിൽ ചാണ്ടി' എന്ന് പേരും പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിന്റെ മുഴുവൻ പേരാണിതെന്നും നാളത്തന്നെ നമുക്ക് ടൈറ്റിൽ പരസ്യപ്പെടുത്താമെന്നും ശ്രീനിവാസൻ പറഞ്ഞു.
സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു കൊണ്ട് ശ്രീനിവാസന് ഇങ്ങനെ പറഞ്ഞു കഴിഞ്ഞതും. മമ്മൂട്ടിയും ലാല്‍ജോസും ശ്രീനിവസാനെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു. ഒടുവിൽ, ചിത്രീകരണം തീരാറായപ്പോഴായിരുന്നു മറവത്തൂര്‍ കനവെന്ന മനോഹര ടൈറ്റില്‍ കണ്ടെത്തിയത്.