Rijisha M.|
Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (16:38 IST)
തമിഴ്നാടിന്റെ അമ്മയായ ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്തകൾ നേരത്തേതന്നെ പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുനയാണ് എല്ലാവരും. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചില്ല. ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍ എന്നെത്തുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
ചിത്രത്തിന്റെ സംവിധായകരായി എഎല്‍ വിജയ്, ഭാരതിരാജ തുടങ്ങിയവരുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഭാരതിരാജ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിനെയാണ് ഈ ചിത്രത്തിലേക്ക് നായകനായി പരിഗണിക്കുന്നതെന്ന് സൂചനകളുണ്ട്. നീരാളിക്ക് പിന്നാലെ കായംകുളം കൊച്ചുണ്ണിയും ഒടിയനും ഡ്രാമയുമൊക്കെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. രഞ്ജിത്ത് ചിത്രമായ ഡ്രാമയും കെവി ആനന്ദിന്റെ പുതിയ സിനിമയുമാണ് ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
മോഹന്‍ലാൽ സമ്മതമറിയിച്ചില്ലെങ്കിൽ അടുത്ത ഓപ്ഷനായി തിരഞ്ഞെടുക്കുന്നത് ഉലകനായകനെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയലളിതയുടെ ബയോപിക്ക് ചിത്രത്തെക്കുറിച്ച് അദ്ദേഹവും ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം നായികയായി ആരെത്തുമെന്ന ചർച്ചകളും ഉണ്ട്. നിലവിൽ അനുഷ്ക, ഐശ്വര്യ റായി എന്നിവരെയാണ് നായികയായി പരിഗണിക്കുന്നത്.
അതേസമയം, ജയലളിതയുടെ ജീവിതത്തെക്കുറിച്ച് സിനിമയൊരുക്കാനായി എഎല്‍ വിജയ് തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാൽ ഇതിലെ നായകൻ മമ്മൂട്ടിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയായി
നയൻതാര ആയിരിക്കുമെന്നും സൂചനകളുണ്ട്. സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.