'ഞാൻ റഹ്‌മാനെ സ്‌നേഹിക്കുന്നു, വിശ്വാസമാണ്, സല്‍പ്പേരിന് കളങ്കം വരുത്തരുത്': മൗനം വെടിഞ്ഞ് സൈറ ബാനു

നിഹാരിക കെ എസ്| Last Modified ഞായര്‍, 24 നവം‌ബര്‍ 2024 (17:53 IST)
തന്റെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ അപവാദ പ്രചാരണങ്ങളില്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍. റഹ്‌മാന്റെ മ്യൂസിക് ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് ആയ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. റഹ്‌മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ പ്രചാരണം വന്നു. സത്യമതല്ലെന്ന് ചൂണ്ടിക്കാട്ടി മോഹിനി രംഗത്ത് വന്നു.

ഇതിനെതിരെ റഹ്‌മാനും മക്കളും പ്രതികരിച്ചിരുന്നു. ഈ വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റഹ്‌മാന്റെ ഭാര്യ സൈറ ബാനു ഇപ്പോള്‍. രണ്ട് മാസങ്ങളായി മുംബൈയിലാണ് സൈറാ ബാനു താമസിക്കുന്നത്. റഹ്‌മാനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും സൈറ ബാനു അഭ്യര്‍ഥിച്ചു.

”ഞാന്‍ സൈറ ബാനുവാണ്. ഇപ്പോള്‍ മുംബൈയിലാണ്. രണ്ടു മാസങ്ങളായി ഇവിടെയാണ്. ദയവ് ചെയ്ത് യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്തരുത്. അദ്ദേഹത്തെ വെറുതെ വിടൂ. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു. ഈ ലോകത്ത് ഞാന്‍ കണ്ടതില്‍ ഏറ്റവും മല്ല മനുഷ്യനാണ് അദ്ദേഹം. എന്തുകൊണ്ട് സൈറ ചെന്നൈയില്‍ ഇല്ല എന്ന് പലരും ചോദിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.

എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നുപോകുന്നത്. ഞങ്ങള്‍ ഇരുവരും സ്നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്” എന്നാണ് സൈറ ഓഡിയോ പ്രസ്താവനയില്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :