നിഹാരിക കെ എസ്|
Last Modified ഞായര്‍, 24 നവംബര്‍ 2024 (08:50 IST)
മോഹന്‍ലാലും മമ്മൂട്ടിയും ഏറെ കാലങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരുമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ആയ സി.ആര്‍ സലിം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ ചിത്രം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒരു ചരിത്രമാകും എന്നാണ് കുറിപ്പില്‍ സലിം പറയുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി സിനിമയിലെ താരങ്ങളെയെല്ലാം പുകഴ്ത്തി കൊണ്ടാണ് സലിമിന്റെ കുറിപ്പ്.
സി.ആര്‍ സലിമിന്റെ കുറിപ്പ്:
മലയാള സിനിമ ചരിത്രത്തിലെ നിര്‍ണായക പുലരിയാണിന്ന്. ഇന്ത്യയുടെ കണ്ണുനീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പഴയ സിലോണിന്റെ പ്രൗഢിയോടെ വിലസുന്ന പുതിയ ശ്രീലങ്കയിലാണ് ഞാനിന്നുള്ളത്. വളരെ കാലത്തെ ചിന്തയുടെ, ചര്‍ച്ചയുടെ പൂര്‍ത്തീകരണമെന്നോണം എന്റെ മറ്റൊരു വലിയ സിനിമയുടെ സ്വപ്നത്തിനാണിന്ന് ക്ലാപ്പടിച്ചത്. ഒരു വശത്ത് നടനവൈഭവത്തിന്റെ പൂര്‍ത്തീകരണം ലാലേട്ടനും മറുവശത്ത് മലയാള സിനിമയിലെ അഭിനയഗജവീരന്‍ മമ്മൂക്കയും.
പാന്‍ ഇന്ത്യന്‍ സെലിബ്രറ്റിയുടെ തലയെടുപ്പതുമില്ലാതെ ഫഹദും ലാളിത്യത്തിന്റെ ഭാവമായി ചാക്കോച്ചനും മഹേഷ് നാരായണെന്ന ജീനിയസിന്റെ ഭാവനയില്‍ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടുന്നു. ലാലേട്ടനുമായി വളരെ കാലത്തെ പരിചയമൊന്നുമില്ല പക്ഷേ ഞെട്ടിച്ചുകളഞ്ഞു. ലൈറ്റ് ബോയി മുതല്‍ സഹതാരങ്ങളോടുവരയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റരീതി ശരിക്കും കണ്ടു പഠിക്കാനുണ്ട്.
എളിമത്വത്തോടെയുള്ള സംസാരവും മോനേയെന്നുള്ള വിളിയും ആ വലിയ നടനെ കൂടുതല്‍ മനോഹരമാക്കുന്നു, വലുതാക്കുന്നു. ഒരുപാട് നന്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എന്നാല്‍ പ്രകടപ്പിക്കാന്‍ വിമുഖത കാണിക്കുന്ന, നോട്ടംകൊണ്ടും ഭാവംകൊണ്ടും നമ്മെ ഭയപ്പെടുത്തുന്നുവെന്ന് തോന്നിപ്പിക്കുന്ന അഭിനയകൊടുമുടി മമ്മൂട്ടി അടിമുടി നമ്മളെ തെറ്റിദ്ധരിപ്പിച്ചുകളയുന്ന വ്യക്തിത്വമാണ്. പക്ഷേ അടുത്തറിയുമ്പോഴാണ് ലാളിത്യവും സ്‌നേഹവും സഹായ മനസ്ഥിതിയും നമുക്ക് മനസിലാവുക. ഒരു ചെറുപുഞ്ചിരി കൊണ്ട് ആ മനസ്സ് ആരേയും കീഴ്‌പ്പെടുത്തികളയും.
ചാക്കോച്ചന്റെ തമാശകളും എന്റെ ചെറിയ വീഴ്ചകള്‍ ചൂണ്ടികാട്ടി ഹാസ്യത്തിന്റെ മേന്‍പൊടിയില്‍ അവതരിപ്പിക്കുന്ന ഫ്‌ലക്‌സിബിള്‍ നടന്‍ സെറ്റിലെ പുണ്യം തന്നെയാണ്. അന്യഭാഷ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറിയ ഫഹദ് ഫാസില്‍ ഇണക്കങ്ങളും പിണക്കങ്ങളും മറനീക്കി സലീമിക്കായെന്ന വിളിയോടെ ചേര്‍ത്ത് പിടിച്ച് ആത്മബന്ധത്തിന്റെ അനുഭൂതി പകര്‍ന്ന് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമയില്‍ തന്റേതായ ഇടം നിര്‍മിച്ചെടുത്ത് സംവിധാന കലയുടെ അപാര സാധ്യതകള്‍ മലയാളിക്ക് സമ്മാനിക്കുന്ന മഹേഷ് നാരായണ്‍.
അദ്ദേഹത്തിന്റെ ഒരോ ഷോട്ടും യൗവ്വനത്തില്‍ കണ്ട ഹോളിവുഡ് ചിത്രങ്ങള്‍ അനുസ്മരിപ്പിക്കും വിധം അദ്ഭുതമാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം മലയാള സിനിമയില്‍ ചരിത്രമാകുമെന്നതില്‍ തര്‍ക്കമില്ല. ഇതിനെല്ലാം നേതൃത്വം നല്‍കുന്ന ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ വെള്ള മാലാഖയെന്ന് വിളിക്കുന്ന ആന്റോ ജോസഫ്. അത് മറ്റൊരു പുണ്യമാണ്. സുഹൃദ്ബന്ധങ്ങളെ ഇത്രമാത്രം ബഹുമാനിക്കുന്ന ആധരിക്കുന്ന ആന്റോ പ്രവര്‍ത്തിയില്‍ ഒരു മാലാഖ തന്നെയാണ്.
ഷൂട്ടിനിടയില്‍ മഴപോലെ പ്രകൃതിയുടെ എന്തെങ്കിലും തടസം മുന്നില്‍ കണ്ടാല്‍ തൊട്ടടുത്ത ചര്‍ച്ചിലേക്ക് പോയി ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ഥിക്കുന്ന കലയോടുള്ള അടങ്ങാത്ത ദാഹി. ആന്റോയും ദൈവവുമായുള്ള ഈ രസതന്ത്രം പലപ്പോഴും പ്രതികൂലം അനുകൂലമാകുന്നുവെന്നത് മറ്റൊരു രസതന്ത്രമായി മാറുന്നു. എന്തായാലും സിനിമയോടും ഏറ്റെടുക്കുന്ന ദൗത്യത്തോടും ഇത്രമാത്രം ആത്മാര്‍ഥത കാണിക്കുന്ന ആന്റോ ജോസഫെന്ന സുഹൃത്തിന്റെ കൈകളായി നിന്ന് ചരിത്രം കുറിക്കുന്ന മലയാള സിനിമയുടെ ഭാഗമാകാന്‍ എനിക്കും സാധിച്ചതില്‍ അതിയായ അഭിമാനമുണ്ട്. നമുക്ക് കാത്തിരിക്കാം എല്ലാം ശുഭമാകട്ടെയെന്ന് പ്രാര്‍ഥിക്കാം. നന്ദി.