ഡാൻസ് ചെയ്യാൻ അറിയില്ല, നാണം വരും, ദളപതിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു: മമ്മൂട്ടി

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (07:51 IST)
റാം സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് പേരൻപ്. നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഡാൻസ് കളിക്കാൻ അറിയില്ലെന്ന കാരണത്താൽ നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയ ആളാണ് മെഗാസ്റ്റാർ. എന്നാൽ, പേരൻപിൽ പാപ്പായെ സന്തോഷിപ്പിക്കുന്നതിനായി അദ്ദേഹം ഡാൻസ് കളിക്കുന്നുണ്ട്. പുഞ്ചിരിയോടെയല്ലാതെ ആർക്കും അത് കണ്ട് പൂർത്തിയാക്കാൻ ആകില്ല.

ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ ഡാൻസ് കളിക്കാത്തതെന്ന് തുറന്നു പറയുകയാണ് മെഗാസ്റ്റാർ. ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷേ അവിടെ ചെന്നു നിക്കുമ്പോള്‍ ആ താളത്തിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയില്ല, ദളപതി സിനിമയ്ക്കൊക്കെ കഷ്ടപ്പെട്ടാണ് ചെയ്തത്. എനിക്ക് കളിക്കാന്‍ അറിയില്ലെന്നതും നാണമാണെന്നതുമാണ് കാരണം. ചെയ്യാന്‍ ശ്രമിച്ചിരുന്നു പക്ഷേ തന്റെ നാണം ചിത്രങ്ങളില്‍ കാണാന്‍ കഴിയുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. തമിഴ് ചാനലിനോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഓരോ സിനിമയെ സമീപിക്കുമ്പോഴും അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ട്. നമുക്ക് രാഷ്ട്രീയമുണ്ടാവണമെന്ന നിലപാടുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ‘തനിക്ക് രാഷ്ട്രീയമുണ്ട്, പക്ഷേ രാഷ്ട്രീയക്കാരനല്ല, നമുക്ക് രാഷ്ട്രീയമുണ്ടാവണം എന്നു തന്നെയാണ് എന്റെ നിലപാട്. നാട്ടില്‍ നടക്കുന്നതും നടക്കാന്‍ പാടില്ലാത്തതുമെല്ലാം എല്ലാം ഞാന്‍ കാണുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നാണ് മലയാളത്തിൽ പറയുന്നത്. സിനിമയുള്ളപ്പോൾ നമുക്കെന്തിനാ രാഷ്ട്രീയം?’- എന്നും മമ്മൂട്ടി ചോദിക്കുന്നു.

അഭിനേതാവെന്ന നിലയില്‍ സ്വാര്‍ത്ഥനാണ് താനെന്ന് മമ്മൂട്ടി. അതിനാലാണ് സിനിമയില്‍ നിന്ന് താന്‍ വിട്ടു പോകാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മികച്ച കഥാപാത്രം ചെയ്തുവെന്ന് കരുതി അതിന് ശേഷം അതവിടെ നിര്‍ത്താന്‍ കഴിയില്ല. വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണ്, എല്ലാ സിനിമകളിലും ഞാന്‍ തന്നെ അഭിനയിക്കണമെന്നും, എല്ലാ കഥാപാത്രങ്ങളും എനിക്ക് തന്നെ ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് എന്നില്‍ നിന്നും വിട്ടു പോകാത്തതും സിനിമയില്‍ നിന്ന് ഞാന്‍ വിട്ടു പോകാത്തതുമെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :