ജോജു ജോർജ് എങ്ങനെ സ്വഭാവ നടനായി ? – ജൂറി വിശദീകരിക്കുന്നു

Last Modified വ്യാഴം, 28 ഫെബ്രുവരി 2019 (12:04 IST)
അപ്രതീക്ഷിത അവാർഡ് ഒന്നും ഇത്തവണയും ഉണ്ടായിരുന്നിട്ടില്ല എന്നതാണ് സംസ്ഥാന പുരസ്‌കാരങ്ങളുടെ പ്രത്യേകത. മികച്ച നടന്മാരായി ജയസൂര്യയും സൗബിൻ ഷാഹിറും പുരസ്‌കാരം പങ്കിട്ടപ്പോൾ ജോജു ജോർജ് മികച്ച സ്വഭാവ നടാനായി. എന്നാൽ ജോജുവിന്‌ മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ച ഒരുപാട് പേരുണ്ട്. സൌബിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടും എന്തുകൊണ്ടാണ് ജോജുവിന് സ്വഭാവനടനുള്ള അവാർഡ് ലഭിച്ചതെന്ന ചോദ്യമാണ് പലരുമുന്നയിച്ചത്.

വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജൂറി ഓരോരുത്തരെയും തെരഞ്ഞെടുത്തത്. ജോജുവിന് സ്വഭാവനടനുള്ള പുരസ്കാരമാണ് ജൂറി നൽകിയത്. ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ.

ജയസൂര്യ

അര്‍പ്പണബോധവും അവിശ്രാന്ത യത്‌നവും സമ്മേളിക്കുന്ന അഭിനയ ചാരുത. വളരെ വ്യത്യസ്തമായ രണ്ട് റോളുകളില്‍ സ്വാഭാവികാഭിനയം കാഴ്ച വെച്ചിരിക്കുന്നു. പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനെയും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെയും തികച്ചും വ്യത്യസ്തമായി ശരീര ഭാഷയില്‍ പകര്‍ത്തുന്ന അത്ഭുതാവഹമായ അഭിനയ പാടവം

സൗബിന്‍ ഷാഹിര്‍

സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമാണ് സൗബിന്‍ ഷാഹിറിന്റെ അഭിനയ സവിശേഷത. ഫുട്‌ബോളില്‍ ജീവിതം ദര്‍ശിക്കുന്ന ഒരു സാധാരണക്കാരന്‍ അപ്രതീക്ഷിതമായി ചെന്നു പെടുന്ന പ്രതിസന്ധികള്‍ തികച്ചും അനായസമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവിന്.

ജോജു ജോർജ്

പരുക്കനും മനുഷ്യത്വഹീനനുമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാർഥ സ്വത്വം എന്താണെന്ന് വെളിപ്പെടുത്തുന്ന ജോസഫിലെ കഥാപാത്രവും, സംരക്ഷക വേഷം ചമഞ്ഞ് ഇരയെ കീഴ്പ്പെടുത്തുന്ന ചോലയിലെ പുരുഷനും ജോജുവിനെ ഈ പുരസ്കാരത്തിന് അർഹനാക്കുന്നു.

നിമിഷ സജയന്‍

പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും ധ്രുവാന്തരം പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമര്‍ത്ഥമായി അവതരിപ്പിച്ചതിന്, ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിയായും തുടക്കക്കാരിയുടെ പതര്‍ച്ചകളുള്ള അഭിഭാഷകയായുമുള്ള വേറിട്ട ഭാവപകര്‍ച്ചകള്‍ നിമിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :