aparna shaji|
Last Modified ചൊവ്വ, 22 നവംബര്‍ 2016 (11:43 IST)
നോട്ട് നിരോധനം 15 ദിവസമാകുമ്പോഴും രാജ്യത്തെ പ്രതിസന്ധികൾക്ക് കുറവില്ല. ഗ്രാമപ്രദേശങ്ങളിൽ പണത്തിന്റെ ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നപ്പോൾ മുതൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. മോദിയുടെ നടപടിയെ പിന്തുണച്ച് നടൻ മോഹൻലാലും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നായിരുന്നു
മോഹൻലാൽ ബ്ലോഗിലൂടെ വ്യക്തമാക്കിയത്. ഇതിനെതിരെ
സിനിമ മേഖലയിലും രാഷ്ട്രീയ മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു. ജീവൻ നില നിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരുടെ വേദന അനുഭവിക്കുമ്പോഴേ അറിയൂവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലൂടെ:
നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞപ്പൊ കുറച്ച് നാളേക്കുളള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുളളു. സ്വന്തം അക്കൗണ്ടിൽ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാൻ വരുന്നോ എന്ന് ചോദിക്കാൻ തോന്നി. ഇന്ന് എന്റെ നിയന്ത്രണം വിട്ടു. കഴിഞ്ഞ 15 വർഷമായി എന്റെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഇന്ന് ഉച്ചക്ക് ഒരു അപകടത്തിൽപെട്ട് കാലൊടിഞ്ഞ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലെത്തിച്ചു.
ഉടനെ സർജറി വേണമെന്നും കാലിൽ STEELRODE ഇടണമെന്നും പറഞ്ഞു ഡോക്ടർ. വില ഏകദേശം ഇരുപത്തയ്യായിരം. മറ്റ് ചിലവുകൾക്കെല്ലാം വേണ്ടി ഒന്നിച്ച് ഒരു നാല്പതിനായിരമെങ്കിലും എടുക്കാമെന്ന് വെച്ചാൽ എടിഎം 2500 രൂപയേ തരൂ. ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കൽ സ്റ്റോറിൽ ചെന്നപ്പോ ഒരിടത്ത് നെറ്റ്‌വർക്ക് ഇല്ല മറ്റൊരിടത്ത് കാർഡ് മിഷിനേ ഇല്ല. ബാങ്കിൽ ചെന്നപ്പോഴേക്കും ഇരുപത്തിനാലായിരമേ തരൂ എന്നായി. ബാക്കി അവിടുന്നും ഇവിടുന്നും കടം വാങ്ങി ആശുപത്രിയിൽ എത്തിയപ്പോഴേക്ക് ഏഴുമണി. കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി വരുത്തിവെച്ചതിന് ഡോക്ടറുടെ മുൻപിൽ വെറുതേ ഞാൻ തല കുനിച്ചു.
അത്രയും നേരം വേദന സഹിച്ച് കിടന്ന വസന്തയോട് നിശബ്ദമായി മാപ്പു പറഞ്ഞു. ഇത് എന്റെ മാത്രം അനുഭവമല്ല. ആശുപത്രിയിൽ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതത്തിൽ മനം നൊന്ത് ശപിക്കുന്നുണ്ടായിരുന്നു. ഇവരാരും മദ്യം വാങ്ങാൻ വേണ്ടി ക്യൂവിൽ നിൽക്കുന്നവരല്ല. ജീവൻ നില നിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്. ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ.