നിഹാരിക കെ എസ്|
Last Modified ശനി, 30 നവംബര്‍ 2024 (16:15 IST)
തമാശയ്‌ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നതായി നടൻ അജു വർഗീസ്. ജയസൂര്യ നായകനായെത്തിയ വെള്ളം സിനിമ കണ്ടതോടു കൂടിയാണ് തനിക്ക് മദ്യപാനത്തെ പറ്റി ഭയം വന്നതും ഒടുവിൽ അത് നിർത്തിയതെന്നും അജു വർഗീസ് തുറന്നു പറയുന്നു. മാനസിക സമ്മർദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങിയിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.
മദ്യപാനം ഒരിക്കലും ശീലമായിരുന്നില്ല. എങ്ങനെയൊക്കെയോ വന്നു തുടങ്ങി. മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും പ്രയാസമുണ്ടാക്കി തുടങ്ങി. ആ സമയത്താണ് വെള്ളം സിനിമ കണ്ടത് . അതിലെ മുരളിയുടെ കഥാപാത്രത്തിലേക്ക് അധികം വൈകാതെ എത്തുമെന്ന് ഒരു തോന്നലുണ്ടായി. ഞെട്ടലും ഭയവും ഉണ്ടാക്കി. ആ ചിന്തയാണ് മദ്യപാനം നിർത്താൻ ഇടയാക്കിയതെന്നും അജു വർഗീസ് പറയുന്നു.
അതേസമയം, ജയസൂര്യ നായകനായ വെള്ളം ഏറെ അവാർഡുകൾ വാങ്ങിയ പടമായിരുന്നു. പ്രജേഷ് സെൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും ഭാരമായി മാറുന്ന മദ്യപാനിയായ മുരളിയുടെ കഥയാണ് ചിത്രം പറഞ്ഞത്.