അവാർഡ് അടൂരിനാണ് കിട്ടേണ്ടതെന്ന് ഒടുവിൽ പറഞ്ഞത് രഞ്ജിത്തിന് ദഹിച്ചില്ല, അടിച്ച കാര്യം ഇന്നസെന്റ് തുറന്നു പറഞ്ഞിട്ടുണ്ട്; ആലപ്പി അഷറഫ്

ഇന്നസെന്റ് തുറന്നു പറഞ്ഞിട്ടുണ്ട്, അടിച്ചത് തിലകനെയാണെന്ന് പലരും കരുതി: ആലപ്പി ഷറഫ്

Oduvil- ranjith
Oduvil- ranjith
നിഹാരിക കെ എസ്| Last Modified ശനി, 30 നവം‌ബര്‍ 2024 (12:27 IST)
ആറാം തമ്പുരാൻ സിനിമയുടെ സെറ്റിൽ വെച്ച് അന്തരിച്ച നടൻ ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മര്‍ദ്ദിച്ചുവെന്ന സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും കയ്യാങ്കളി വരെ കാര്യങ്ങൾ പോയുള്ളുവെന്നും പറഞ്ഞ് ആറാം തമ്പുരാന്റെ സഹസംവിധായകനുമായ എം പദ്മകുമാര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് ആലപ്പി അഷ്‌റഫ് വീണ്ടും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ് ഇപ്പോള്‍. അന്തരിച്ച നടന്‍ ഇന്നസെന്റ് അടക്കം പലരും നേരത്തേ പേരെടുത്തു പറയാതെ തന്നെ ഈ സംഭവത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നാണ് ആലപ്പി അഷ്റഫ് ഒരു അഭിമുഖത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

'സെറ്റില്‍ വച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകന്‍ അടിച്ച് നിലത്തിട്ടു എന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. നേരേ കമിഴ്ന്ന് വീണു എന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുള്ളത്. അന്ന് ആളുകളെല്ലാം കരുതിയത് അത് തിലകനെയാണ് എന്നായിരുന്നു. ഒരാളുടെയും ചിന്തയില്‍ പോലും ഒടുവിലിന്റെ പേര് വന്നില്ല. സിനിമ മേഖലയുമായി ബന്ധപ്പെട്ട പലര്‍ക്കും അറിയുന്ന കാര്യമാണിത്. തല്ലാനുണ്ടായ കാരണമായി ഞാന്‍ വീഡിയോയില്‍ പറഞ്ഞത് ഒടുവില്‍ പറഞ്ഞ എന്തോ ഒരു തമാശ രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ല എന്നതാണ്. ആ കാരണം അന്ന് വിശദീകരിക്കേണ്ട കാര്യമില്ല എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.

എന്നാൽ, ഇന്ന് കാരണം പറയാം. അവാര്‍ഡ് സിനിമകളെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് രഞ്ജിത്തും ഒടുവിലും തമ്മിലുള്ള പ്രശ്നത്തിന് കാരണമായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വലിയ ആരാധകനാണ്. ഈ ചര്‍ച്ച അവര്‍ തമ്മില്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെയില്ല, പിന്നീട് കേട്ടറിഞ്ഞതാണ് ഇക്കാര്യങ്ങള്‍. രഞ്ജിത്ത് അന്ന് അവാര്‍ഡ് പ്രതീക്ഷിച്ചു നില്‍ക്കുന്ന ഒരാളാണ്. ഇത്തരത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒടുവില്‍ അടൂര്‍ ഗോപാലകൃഷ്ണന് വേണ്ടി വാദിച്ചതും അവാര്‍ഡ് ലഭിക്കേണ്ടത് അദ്ദേഹത്തിനാണെന്ന നിലപാടില്‍ ഉറച്ചുനിന്നതുമാണ് അടിയില്‍ കലാശിച്ചത്', സംവിധായകൻ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :