നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 15 മെയ് 2021 (17:50 IST)
അഭിനയവും സംവിധാനവും പഠിച്ച അഭിനേത്രിയാണ് യമ ഗില്‍ഗമേഷ്. തിയറ്റര്‍ ആര്‍ട്ടിസ്റ്റായ യമ അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. നായാട്ടിലൂടെയാണ് സിനിമാരംഗത്ത് യമയുടെ പേര് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയെ താന്‍ ഒരു വരുമാന മാര്‍ഗമായി കണ്ടിട്ടില്ലെന്നും കാശില്ലെങ്കില്‍ ഏതെങ്കിലും കടയില്‍ ജോലിക്ക് പോയി നിന്നു സമ്പാദിക്കുമെന്നും യമ പറയുന്നു. വെബ് ദുനിയ മലയാളത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യമ.
'വളരെ കംഫര്‍ട്ട് ആയ, മികച്ചതെന്ന് തോന്നുന്ന കഥാപാത്രങ്ങളും സിനിമയും ചെയ്യാനാണ് എനിക്ക് താല്‍പര്യം. എന്നാല്‍, ചിലപ്പോള്‍ നല്ല കഥാപാത്രമായാലും തിരക്കഥയായാലും അവസാനം സിനിമ വരുമ്പോള്‍ മോശമാകുന്ന അവസരങ്ങളുമുണ്ട്. ഇങ്ങനെ ഇരുന്ന് ഇരുന്ന് എപ്പോഴെങ്കിലും നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്യാം എന്നേയുള്ളൂ. അല്ലാതെ ഓടിനടന്ന് സിനിമ ചെയ്യുന്നതിനോടൊന്നും താല്‍പര്യമില്ല. പ്രൊഫഷണല്‍ ആയി ഒരു കാര്യത്തില്‍ തന്നെ നീങ്ങണം എന്നൊരു പദ്ധതിയൊന്നും എനിക്കില്ല. നമ്മള്‍ ചെയ്യുമ്പോള്‍ അതിനൊരു പ്രൊഫഷണലിസം ഉണ്ടാകും എന്നുമാത്രം. ഒരു ജോലിയായൊന്നും സിനിമയെ കാണുന്നില്ല. എനിക്ക് തീരെ കാശില്ല എന്നൊക്കെ വരുമ്പോള്‍ ഞാന്‍ ഒരു കടയില്‍ ജോലിക്ക് പോയിനിന്നൊക്കെ കാശുണ്ടാക്കും. അത്രയേയുള്ളൂ! നമുക്ക് വളരെ പാഷനുള്ള ഒരു കാര്യം 'എന്തെങ്കിലുമൊക്കെ ആയിക്കോട്ടെ' എന്ന മട്ടില്‍ ചെയ്യാന്‍ പറ്റില്ലല്ലോ? മോശമായാല്‍ നമുക്ക് വളരെ വിഷമം തോന്നും. കിട്ടുന്ന കഥാപാത്രങ്ങളൊക്കെ ചെയ്യുക, കാശിനുവേണ്ടി ചെയ്യുക എന്നൊരു കാഴ്ചപ്പാട് എനിക്കില്ല,' യമ പറഞ്ഞു.