നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 15 മെയ് 2021 (16:26 IST)
അഭിനയവും സംവിധാനവും പഠിച്ച യമ ഗില്‍ഗമേഷ് സിനിമ രംഗത്ത് അത്ര സജീവമല്ല. നായാട്ടിലെ അനുരാധ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് യമയെ മലയാളികള്‍ അന്വേഷിച്ചു തുടങ്ങിയത്. സ്റ്റേജ് ആര്‍ട്ടിസ്റ്റ് കൂടിയായ യമ എന്തുകൊണ്ട് സിനിമയില്‍ ഇത്ര സജീവമല്ല എന്നാണ് ആരാധകരുടെ ചോദ്യം. അതിനുള്ള മറുപടി താരം തന്നെ നല്‍കുകയാണ്. സിനിമയുടെ പ്രൊസസ് തനിക്ക് ബോറിങ് ആണെന്നും അതുകൊണ്ടാണ് സിനിമയില്‍ നിന്നു അകന്നു നില്‍ക്കുന്നതെന്നും വെബ് ദുനിയ മലയാളത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യമ പറഞ്ഞു.
'സിനിമയുടെ പ്രൊസസ് എനിക്ക് ഇപ്പോഴും ബോറിങ് ആയാണ് തോന്നുന്നത്. തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ് ഞാന്‍. അതുകൊണ്ടായിരിക്കാം സിനിമയുടെ പ്രൊസസ് ബോറിങ് ആയി തോന്നുന്നത്. തിയറ്ററില്‍ ആകുമ്പോള്‍ നമുക്ക് സ്‌ക്രിപ്റ്റ് കിട്ടുന്നു, കൂട്ടത്തോടെ അതിരുന്ന് വായിക്കുന്നു, അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു, പിന്നീട് ഓരോന്നായി വികസിപ്പിക്കുന്നു..സാങ്കേതികമായ കാര്യങ്ങളെല്ലാം സ്റ്റേജില്‍ കയറുമ്പോള്‍ ആണ് വരുന്നത്. തിയറ്റര്‍ പെര്‍ഫോമന്‍സില്‍ ആകുമ്പോള്‍ റിഹേഴ്‌സല്‍ സമയത്തെല്ലാം നമുക്ക് മെച്ചപ്പെടുത്താന്‍ കൂടുതല്‍ സാധ്യതകളും അവസരങ്ങളുമുണ്ട്. അതേ കുറിച്ച് മറ്റ് അഭിനേതാക്കള്‍ക്കൊപ്പം ചര്‍ച്ച ചെയ്യാനും സാധിക്കും. പക്ഷേ, സിനിമയില്‍ അങ്ങനെയല്ലല്ലോ? മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ക്ക് പരിമിതിയുണ്ട്,' യമ പറഞ്ഞു.
'വളരെ കംഫര്‍ട്ട് ആയ, മികച്ചതെന്ന് തോന്നുന്ന കഥാപാത്രങ്ങളും സിനിമയും ചെയ്യാനാണ് എനിക്ക് താല്‍പര്യം. എന്നാല്‍, ചിലപ്പോള്‍ നല്ല കഥാപാത്രമായാലും തിരക്കഥയായാലും അവസാനം സിനിമ വരുമ്പോള്‍ മോശമാകുന്ന അവസരങ്ങളുമുണ്ട്. ഇങ്ങനെ ഇരുന്ന് ഇരുന്ന് എപ്പോഴെങ്കിലും നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്യാം എന്നേയുള്ളൂ. അല്ലാതെ ഓടിനടന്ന് സിനിമ ചെയ്യുന്നതിനോടൊന്നും താല്‍പര്യമില്ല. പ്രൊഫഷണല്‍ ആയി ഒരു കാര്യത്തില്‍ തന്നെ നീങ്ങണം എന്നൊരു പദ്ധതിയൊന്നും എനിക്കില്ല. നമ്മള്‍ ചെയ്യുമ്പോള്‍ അതിനൊരു പ്രൊഫഷണലിസം ഉണ്ടാകും എന്നുമാത്രം. ഒരു ജോലിയായൊന്നും സിനിമയെ കാണുന്നില്ല. എനിക്ക് തീരെ കാശില്ല എന്നൊക്കെ വരുമ്പോള്‍ ഞാന്‍ ഒരു കടയില്‍ ജോലിക്ക് പോയിനിന്നൊക്കെ കാശുണ്ടാക്കും. അത്രയേയുള്ളൂ! നമുക്ക് വളരെ പാഷനുള്ള ഒരു കാര്യം 'എന്തെങ്കിലുമൊക്കെ ആയിക്കോട്ടെ' എന്ന മട്ടില്‍ ചെയ്യാന്‍ പറ്റില്ലല്ലോ? മോശമായാല്‍ നമുക്ക് വളരെ വിഷമം തോന്നും. കിട്ടുന്ന കഥാപാത്രങ്ങളൊക്കെ ചെയ്യുക, കാശിനുവേണ്ടി ചെയ്യുക എന്നൊരു കാഴ്ചപ്പാട് എനിക്കില്ല.' യമ വ്യക്തമാക്കി.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക