രേണുക വേണു|
Last Modified ശനി, 6 ജനുവരി 2024 (09:52 IST)
Jayaram: ജയറാമിന്റെ തിരിച്ചുവരവാകും എന്ന പ്രതീക്ഷയില്‍ മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാം ഓസ്‌ലര്‍. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ജനുവരി 11 നാണ് തിയറ്ററുകളിലെത്തുക. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഓസ്‌ലറില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ടെന്നത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ലറിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഓസ്‌ലര്‍ ട്രെയ്‌ലറില്‍ മമ്മൂട്ടി ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ചിരുന്നു. നിര്‍ണായക വേഷത്തില്‍ തന്നെയായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ട്രെയ്ലറിന്റെ അവസാന ഭാഗത്താണ് മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നത്. ട്രെയ്ലറിന്റെ അവസാനം 'ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്' എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ ഇത് മനസിലാകൂ. ട്രെയ്ലര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ ശബ്ദം ആരാധകര്‍ തിരിച്ചറിഞ്ഞു.