aparna|
Last Modified ചൊവ്വ, 19 സെപ്റ്റംബര്‍ 2017 (14:23 IST)
തമിഴിലും ഹിന്ദിയിലും ഒക്കെയായി നിരവധി സിനിമകള്‍ ചെയ്ത ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സംവിധായകന് ആണ് മണിരത്നം. എന്നാല്‍, മണിരത്നം മലയാളത്തില്‍ ഒരേയൊരു
സിനിമ മാത്രമാണ് എടുത്തത്. അതില്‍ നായകന് മോഹന്‍ലാല്‍ ആയിരുന്നു.
സുകുമാരന്‍, മോഹന്‍ലാല്‍, രതീഷ് എന്നിവരെ നായകന്മാരാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഉണരൂ’. ചിത്രം വന്‍ പരാജയമായിരുന്നു. 1984 ഏപ്രില്‍ 14നായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിവസം തന്നെ ചിത്രം മമ്മൂട്ടി കണ്ടു. കണ്ടയുടന്‍ ചിത്രത്തിന്റെ നിര്‍മാതാവ് ജിയോ കുട്ടപ്പനെ മമ്മൂട്ടി വിളിക്കുകയുണ്ടായി. മമ്മൂട്ടി ഒരേയൊരു കാര്യം മാത്രമായിരുന്നു പറയാന്‍ ഉണ്ടായിരുന്നത്.
‘കുട്ടപ്പന് ചേട്ടന് ഇന്നുതന്നെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം. ക്ലൈമാക്സ് കൊള്ളില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ട് ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കാം. അങ്ങനെയെങ്കില്‍ ചിത്രം സൂപ്പര്‍ഹിറ്റാകും. ചേട്ടന്റെ കയ്യില്‍ പണമില്ലെങ്കില്‍ ഒരു ലക്ഷം രൂപ ഞാന്‍ തരാം’ - എന്നായിരുന്നു മമ്മൂട്ടി നിര്‍മാതാവിനോട് പറഞ്ഞത്.
എന്നാല്‍, അന്നത്തെ കാലത്ത് അത്തരമൊരു പരീക്ഷണം നടക്കില്ലെന്ന് പറഞ്ഞായിരുന്നു നിര്‍മാതാവ് മമ്മൂട്ടിയുടെ ഈ അഭ്യര്‍ത്ഥന നിരസിച്ചത്.
(ഉള്ളടക്കത്തിനു കടപ്പാട്: വെള്ളിനക്ഷത്രം)