ബോളിവുഡ് ഇപ്പോള്‍ രാജ് കുമാര്‍ ഹിറാനി എന്ന സംവിധായകന് ചുറ്റുമാണ് കറങ്ങുന്നത്. ത്രീ ഇഡിയറ്റ്സിന്റെ മഹാവിജയത്തോടെ ഹിറാനിയുടെ അടുത്ത സിനിമ ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം എങ്ങും അലയടിക്കുന്നു. നിര്‍മ്മാതാക്കളും സൂപ്പര്‍ താരങ്ങളും അദ്ദേഹത്തെ സമീപിച്ച് അടുത്ത സിനിമ തങ്ങള്‍ക്കു വേണ്ടി ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്നാല്‍, രാജ് കുമാര്‍ ഹിറാനി നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞു - തന്റെ അടുത്ത സിനിമ മുന്നാഭായ് - 3 ആയിരിക്കുമെന്ന്. 'മുന്നാഭായ് ചലോ അമേരിക്ക' എന്ന് ചിത്രത്തിന് പേരും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പഴയ മുന്നാഭായിയെ ഉടച്ചുവാര്‍ക്കാന്‍ തന്നെയാണ് ഹിറാനിയുടെ തീരുമാനം. അതായത്, ചിലപ്പോള്‍ സഞ്ജയ് ദത്ത് 'മുന്നാഭായ് - 3'യില്‍ ഉണ്ടായിരിക്കുമോ എന്ന കാര്യത്തില്‍ തന്നെ ഉറപ്പില്ല!
മുന്നാഭായ് എം ബി ബി എസ്, ലഗേ രഹോ മുന്നാഭായ് എന്നീ സിനിമകളുടെ ഏറ്റവും പ്രധാന ആകര്‍ഷണം സഞ്ജയ് ദത്ത് അവതരിപ്പിച്ച മുന്നാഭായ് എന്ന കഥാപാത്രവും അര്‍ഷദ് വര്‍സിയുടെ സര്‍ക്യൂട്ട് എന്ന കഥാപാത്രവുമായിരുന്നു. മുന്നാഭായിയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇവരെ ഒഴിവാക്കി ചിന്തിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ രാജ് കുമാര്‍ ഹിറാനി ഇപ്പോള്‍ ഇരുവരെയും ഒഴിവാക്കി മുന്നാഭായ് ചെയ്യാനൊരുങ്ങുന്നതായാണ് വിവരം.
സഞ്ജയ് ദത്തിനും അര്‍ഷദ് വര്സിക്കും പകരം അമീര്‍ ഖാനെയും സര്‍മന്‍ ജോഷിയെയും ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. ത്രീ ഇഡിയറ്റ്സിലെ താരങ്ങള്‍ക്ക് മുന്നാഭായ് താരങ്ങളെക്കാള്‍ ജനപ്രീതി ഉണ്ടെന്ന തിരിച്ചറിവാണ് ഹിറാനിയെ ഇങ്ങനെ ഒരു മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. എന്തായാലും സഞ്ജയ് ദത്തിന് പകരം അമീര്‍ ഖാനെ മുന്നാഭായി ആയി അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടതു തന്നെ.