BIJU|
Last Modified ചൊവ്വ, 30 മെയ് 2017 (13:48 IST)
മലയാളത്തില്‍ കുടുംബങ്ങളുടെ സംവിധായകന് എന്നാല്‍ അത് സത്യന് അന്തിക്കാട് ആണ്. കുടുംബങ്ങളുടെ നായകന് മമ്മൂട്ടിയും. അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടെന്ന് തോന്നുന്നില്ല.
പെണ്മക്കളുള്ള മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടിയാണ്. അതിന് കാരണവുമുണ്ട്. പെണ്മക്കള്ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനായി മമ്മൂട്ടി അഭിനയിച്ച സിനിമകള്‍ തന്നെ. എത്രയോ സിനിമകളില്‍ പെണ്മക്കളുടെ അച്ഛനായി മമ്മൂട്ടി വന്നു, ചിരിപ്പിച്ചു, സന്തോഷിപ്പിച്ചു, കണ്ണുനനയിച്ചു!
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ഓര്‍മ്മയില്ലേ? അമരം ഓര്‍മ്മയില്ലേ? പളുങ്ക് ഓര്‍മ്മയില്ലേ? ഗ്രേറ്റ്ഫാദര്‍ മറക്കാനാവുമോ? ഇനിയും പറയാന്‍ തുടങ്ങിയാല്‍ ബേബി ശാലിനിയുടെ കാലം മുതല്‍ പെണ്മക്കളുടെ അച്ഛനായി എത്രയെത്ര മമ്മൂട്ടിച്ചിത്രങ്ങള്‍!
ആറുകോടി ചെലവില്‍ ചിത്രീകരിച്ച് 50 കോടിയിലധികം വാരിയ ദി ഗ്രേറ്റ്ഫാദറിന്റെ വിജയരഹസ്യം അന്വേഷിച്ച് അധികം തലപുകയ്ക്കേണ്ട. അത് മകളെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരച്ഛനെ പ്രേക്ഷകര്‍ സ്ക്രീനില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്. മകളോടുള്ള ഡേവിഡ് നൈനാന്റെ സ്നേഹം തന്നെയാണ് ആ വിജയത്തിന് പിന്നില്‍. മമ്മൂട്ടി എന്ന നടന് നാലുപതിറ്റാണ്ടുകളായി താരചക്രവര്‍ത്തിയായി നില്‍ക്കുന്നതിന് കാരണവും ഇത്തരം സിനിമകളും കഥാപാത്രങ്ങളും തന്നെ.