ചിലമ്പരശനെ നായകനാക്കി ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘സട്ടെന്‍ട്രു മാറുതു വാനിലൈ’ എന്ന് പേര് നിശ്ചയിച്ചിരുന്നു. എല്ലാ മാധ്യമങ്ങളും ഈ വിവരം ആഘോഷിക്കുകയും ചെയ്തു. വാരണം ആയിരത്തിലെ ‘നെഞ്ചുക്കുള്‍ പെയ്തിടുമാമഴൈ’ എന്ന ഗാനത്തിലെ ഒരു വരിയാണ് ‘സട്ടെന്‍ട്രു മാറുതു വാനിലൈ’. വിണ്ണൈത്താണ്ടി വരുവായാ പോലെ ഒരു റൊമാന്‍റിക് ചിത്രമാണ് ഗൌതം മേനോനും ചിമ്പുവും പ്ലാന്‍ ചെയ്തിരിക്കുന്നത്.
പുതിയ വാര്‍ത്ത, ഈ സിനിമയ്ക്ക് ‘സട്ടെന്‍ട്രു മാറുതു വാനിലൈ’ എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ്. ഇതേ പേരില്‍ മറ്റൊരു സിനിമ ഉണ്ട് എന്നതാണ് കാരണം. അങ്ങനെയൊരു സിനിമയുണ്ടെന്ന് ഇപ്പോഴാണ് ഗൌതം മേനോനും ചിമ്പുവും തമിഴ് സിനിമാലോകവും പ്രേക്ഷകരും അറിയുന്നത്!
ഇതേ പേരില്‍ ഒരു സിനിമ സെന്‍സര്‍ ചെയ്യുകയും ‘യു’ സര്‍ട്ടിഫിക്കേറ്റ് നേടുകയും ചെയ്തിട്ടുണ്ട്. രവിരാജ് എന്ന സംവിധായകന്‍ ഒരുക്കിയ ഈ സിനിമയ്ക്ക് നികുതിയിളവ് ചെയ്തിട്ടുണ്ട്.
ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, ഇനി ഗൌതം മേനോന് ‘സട്ടെന്‍ട്രു മാറുതു വാനിലൈ’ എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മറ്റൊരു പേര് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗൌതമും ചിമ്പുവും. സാരമില്ല, ‘നെഞ്ചുക്കുള്‍ പെയ്തിടുമാമഴൈ’ എന്ന ഗാനത്തില്‍ വേറെയും വരികളുണ്ടല്ലോ!