Last Updated:
ബുധന്‍, 9 ജൂലൈ 2014 (15:04 IST)
തന്റെ എല്ലാ സിനിമകളും മലയാളികളെയും തൃപ്തിപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് ഒരുക്കുന്നതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. കേരളത്തിലും തനിക്ക് ഏറെ ആരാധകരുണ്ടെന്നും അവരെയെല്ലാം തൃപ്തരാക്കുന്ന രീതിയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും
സൂര്യ പറയുന്നു.
കേരളത്തിലും ആന്ധ്രയിലും ഹിന്ദിയിലും വിദേശത്തും എന്റെ സിനിമകള്‍ക്ക് മികച്ച മാര്‍ക്കറ്റുണ്ട്. ഇവിടെയെല്ലാമുള്ള പ്രേക്ഷകരുമായി സംവദിക്കുന്നതും അവരെയെല്ലാം തൃപ്തിപ്പെടുത്തുന്നതുമായിരിക്കണം എന്റെ സിനിമകളുടെ ഉള്ളടക്കവും അവതരണവും. അതുകൊണ്ടുതന്നെ അത് വലിയ ഉത്തരവാദിത്തമാണ് - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സൂര്യ വ്യക്തമാക്കി.
സൂര്യയുടെ പുതിയ ചിത്രമായ അഞ്ചാന് ഓഗസ്റ്റ് 15ന് റിലീസാകും. ലിങ്കുസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് സൂര്യ അഭിനയിക്കുന്നത്. സാമന്തയാണ് നായിക.
"ലിങ്കുസാമിക്കൊപ്പം ജോലി ചെയ്യുക എന്നത് വളരെ ആഹ്ലാദകരമായ അനുഭവമായിരുന്നു. ഷൂട്ടിംഗിന്റെ ആദ്യദിനം മുതല്‍ പാക്കപ്പ് ഡേറ്റ് വരെ എന്ജോയ് ചെയ്താണ് അഭിനയിച്ചത്. കോളജിലെ അവസാന ദിവസം പോലെയായിരുന്നു ഷൂട്ടിംഗിന്റെ അവസാനദിനം. പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള മന്ത്രം ലിങ്കുസാമിക്കറിയാം" - സൂര്യ വെളിപ്പെടുത്തി.
"അഞ്ചാന് വെറുമൊരു ആക്ഷന്‍ ചിത്രമല്ല. ഇത് ആദ്യവാരമെത്തുന്ന പ്രേക്ഷകരെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമയുമല്ല. പ്രണയവും നൊമ്പരവും പാട്ടുകളും ഗംഭീര ദൃശ്യങ്ങളുമെല്ലാം അഞ്ചാന്റെ ഭാഗമാണ്. എല്ലാത്തരം പ്രേക്ഷകരെയും സിനിമ സന്തോഷിപ്പിക്കുമെന്ന് ഉറപ്പ്" - സൂര്യ വ്യക്തമാക്കി.
രാജുഭായ് എന്ന അധോലോക നായകനായി മിന്നുന്ന പ്രകടനമാണ് സൂര്യ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സന്തോഷ് ശിവനാണ് അഞ്ചാന്റെ ക്യാമറ.