അഞ്ചാനില്‍ സൂര്യ ദാവൂദ് ഇബ്രാഹിം? !

സൂര്യ, ദാവൂദ് ഇബ്രാഹിം, അഞ്ചാന്‍, ലിങ്കുസാമി, സാമന്ത
Last Updated: വ്യാഴം, 24 ജൂലൈ 2014 (14:55 IST)
ഓരോ താരവും അവന്‍റെ കരിയറിന്‍റെ ഒരു ഘട്ടത്തില്‍ മുംബൈ പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്തിരിക്കും. എത്ര ഒഴിവാക്കിയാലും അത് വന്നുചേരുകതന്നെ ചെയ്യും. നാഗാര്‍ജ്ജുനയായാലും മോഹന്‍ലാലായാലും അജിത്, വിജയ് തുടങ്ങി ഏത് സൂപ്പര്‍താരമായാലും ഒരു മുംബൈ സിനിമ അവരുടെ കരിയറില്‍ നക്ഷത്രമായി തിളങ്ങും. ഇപ്പോള്‍ സൂര്യയുടെ സമയമാണ് - ആ സിനിമ റെഡിയായിക്കഴിഞ്ഞു - അഞ്ചാന്‍!

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അഞ്ചാനില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. രാജുഭായ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്‍. ലിങ്കുസാമി സംവിധാനം ചെയ്യുന്ന അഞ്ചാന്‍ ഓഗസ്റ്റ് 15നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

"ഞാന്‍ ഇടയ്ക്കിടെ പോകുന്ന സ്ഥലമാണ് മുംബൈ. അഞ്ചാന്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ലിങ്കുസാമി സാര്‍ എനിക്കൊരു പുസ്തകം തന്നു - Dongri To Dubai: Six Decades of The Mumbai Mafia. ഇത് ഉറപ്പായും വായിക്കണമെന്ന് ലിങ്കുസാമി സാര്‍ പറഞ്ഞു. മുംബൈയിലെ അധോലോക നായകരുടെ വളര്‍ച്ചയെക്കുറിച്ചാണ് ഈ പുസ്തകം. ഇത് വായിച്ചതും മുംബൈയെ വേറെ നിറത്തില്‍ കാണണമെന്ന് തോന്നി. 1960കള്‍ മുതല്‍ പലരുടെ നിയന്ത്രണത്തിലിരുന്ന മുംബൈയെ ദാവൂദ് ഇബ്രാഹിം തന്‍റെ കണ്‍‌ട്രോളിലേക്ക് കൊണ്ടുവന്നതിന്‍റെ കഥയാണിത്. ഒരു സാധാരണ പൊലീസ് കോണ്‍‌സ്റ്റബിളിന്‍റെ മകനായ ദാവൂദ് എങ്ങനെ ഒരു ഡോണ്‍ ആയി മാറി എന്നതെല്ലാം ഓരോ ഘട്ടവും ഓരോ ആക്ഷന്‍ ബ്ലോക്ക് ആയി എഴുതിയിരിക്കുകയാണ്. ഈ പുസ്തകത്തിന്‍റെ ഫീല്‍ അഞ്ചാന്‍ പടത്തിന്‍റെ സ്ക്രിപ്ടില്‍ പല ഘട്ടത്തിലും ഉണ്ട്. ഒരു ഡോണ്‍ ആയി ബിഹേവ് ചെയ്യേണ്ടതിനാല്‍ പടം ഷൂട്ട് ചെയ്ത ഏഴ് മാസവും വളരെ പരുക്കന്‍ ഭാവത്തോടെ പെരുമാറാനും മറ്റും ശ്രദ്ധിച്ചിരുന്നു"- സൂര്യ വെളിപ്പെടുത്തുന്നു.

സൂര്യയ്ക്ക് ഈ ചിത്രത്തില്‍ വെറൈറ്റി ലുക്ക് ആണ്. “ഞാന്‍ സൂര്യയോട് പറഞ്ഞ നാലാമത്തെ കഥയാണ് അഞ്ചാന്‍. ചിത്രത്തില്‍ സൂര്യയ്ക്ക് രണ്ട് ലുക്ക് ഉണ്ട്. ഇതുപോലുള്ള ഗെറ്റപ്പ് ആണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ മുതല്‍ അതേപ്പറ്റി ഗവേഷണം നടത്തി വ്യത്യസ്തമായ ഗെറ്റപ്പുകള്‍ സൂര്യ പരീക്ഷിക്കാന്‍ തയ്യാറായി. 300 റഫറന്‍സാണ് ഇതുമായി ബന്ധപ്പെട്ട് സൂര്യ എനിക്ക് അയച്ചുതന്നത്. അദ്ദേഹത്തിന്‍റെ ഈ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ ഉറങ്ങാതെ ഓടാന്‍ ഞാനും തയ്യാറായി” - ലിങ്കുസാമി പറയുന്നു.

സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. റെഡ് ഡ്രാഗണ്‍ ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന ചിത്രം കൂടെയാണ് അഞ്ചാന്‍. സാമന്തയാണ് നായിക. യു ടി വി മോഷന്‍ പിക്‌ചേഴ്‌സും തിരുപ്പതി ബ്രേദേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. യുവന്‍ ഷങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ആന്‍റണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :