സൂര്യയ്ക്ക് 39, അഞ്ചാന്‍ ആഘോഷം തുടങ്ങി!

Last Modified ബുധന്‍, 23 ജൂലൈ 2014 (14:02 IST)
തമിഴിന്‍റെ സൂപ്പര്‍താരം സൂര്യയ്ക്ക് 39 വയസ് തികഞ്ഞു. ആരാധകര്‍ ആഘോഷത്തിമര്‍പ്പിലാണ്. ചെന്നൈയില്‍ കുടുംബത്തോടൊപ്പമാണ് ജന്‍‌മദിനം ആഘോഷിക്കുന്നത്. വലിയ ഫ്ലക്സ് വച്ചും ചെലവേറിയ പൂജകള്‍ നടത്തിയുമല്ല, സഹജീവികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ഉപകാരം ചെയ്താണ് തന്‍റെ ജന്‍‌മദിനം ആരാധകര്‍ ആഘോഷിക്കേണ്ടതെന്ന് സൂര്യ ഫാന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സൂര്യയുടെ പുതിയ ചിത്രമായ അഞ്ചാന്‍റെ പാട്ടുകള്‍ പുറത്തിറങ്ങി. ആ ചടങ്ങില്‍ വച്ച് സൂര്യയുടെ ജന്‍‌മദിനാഘോഷവും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തി.

തമിഴകത്ത് മാത്രമല്ല, കേരളത്തിലും തെലുങ്ക് മേഖലയിലും കര്‍ണാടകയിലും സൂര്യയുടെ സിനിമകള്‍ക്ക് വന്‍ ബിസിനസ് നടക്കാറുണ്ട്. സൂര്യ ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബിംഗ് വേര്‍ഷനുകള്‍ വന്‍ വിലയ്ക്കാണ് വിറ്റുപോകാറ്. സൂര്യയുടെ സിങ്കം 2ന്‍റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് മികച്ച വിജയം നേടിയിരുന്നു.

2013ല്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമ സൂര്യയുടെ സിങ്കം 2 ആയിരുന്നു. ഓഗസ്റ്റ് 15നാണ് അഞ്ചാന്‍ റിലീസാകുന്നത്. ലിങ്കുസാമി സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യയെമ്പാടും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സിനിമയുടെ ഹിന്ദി വേര്‍ഷനും യു ടി വിയും തിരുപ്പതി ബ്രദേഴ്സും പ്ലാന്‍ ചെയ്യുന്നുണ്ട്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'മാസ്' ആണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ. ഇതൊരു ഹൊറര്‍ കോമഡിയാണ്. '13ബി' സംവിധാനം ചെയ്ത വിക്രം കുമാറിന്‍റെ സിനിമയില്‍ ഡിസംബറില്‍ സൂര്യ അഭിനയിച്ചുതുടങ്ങും. അടുത്തവര്‍ഷം ഹരി സംവിധാനം ചെയ്യുന്ന ഒരു സിനിമയിലും സൂര്യ വേഷമിടുന്നുണ്ട്. ഇത് സിങ്കം 3 ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :