അപർണ|
Last Modified ഞായര്‍, 24 ജൂണ്‍ 2018 (09:16 IST)
നിലവിലെ ചാമ്പ്യൻ ജർമനി ഭയപ്പെട്ട ദിവസമായിരുന്നു ഇന്നലെ. സ്വീഡനെതിരേ സമനിലൂടെ പതിക്കുകയായിരുന്ന ജര്‍മനിയുടെ ലോകകപ്പ് ഭാവി ടോണി ക്രൂസ് തിരിച്ചെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം നേടിയ ഗോളിലൂടെ സ്വീഡനെതിരേ ജര്‍മനിക്ക് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജയം.
ഗ്രൂപ്പ് എഫില്‍ ജര്‍മനിക്ക് ഇന്ന് മരണപോരാട്ടമായിരുന്നു. ജർമനിയുടെ ലോകകപ്പ് ഭാവി തന്നെ നിശ്ചയിക്കുന്ന കളിയായിരുന്നു. ഒടുവിൽ അവർ ജയിച്ചു. ആദ്യ മിനുട്ട് മുതല്‍ ആഞ്ഞടിച്ചെത്തിയ ജര്‍മന്‍ തിരമാലകളെ ഒട്ടും കൂസലില്ലാതെ തടഞ്ഞു നിര്‍ത്തിയ ഒന്നാന്തരം പ്രതിരോധമായിരുന്നു
സ്വീഡൻ കാഴ്ച വെച്ചത്.
ആക്രമണമായിരുന്നു സ്വീഡന്റെ ലക്ഷ്യം. ജർമനിയെ ഒന്നിനും സമ്മതിക്കാതെ പിടിച്ചുനിർത്തുന്ന രീതിയിലുള്ള ആക്രമണം. ജര്‍മനിയെ ഞെട്ടിച്ച് ആദ്യം ഗോള്‍ നേടിയത് സ്വീഡനായിരുന്നു. 2ആം മിനുട്ടില്‍ ഒല ടൊയിവോനന്‍ ജര്‍മന്‍ വല ചലിപ്പിച്ചപ്പോള്‍ ഞെട്ടിത്തരിച്ച് നിന്നുപോയി ജർമനി.
ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചപ്പോള്‍ ജർമനിയുടെ ആരാധകർ സ്റ്റേഡിയത്തിൽ കലിപൂണ്ടു. രണ്ടാം പകുതിയിൽ നേരിയ വ്യത്യാസം കണ്ട് തുടങ്ങി. മെസ്യൂത് ഓസിലിനെ പുറത്തിരുത്തി പകരം ഇറക്കിയ മാര്‍ക്കസ് റൂയിസ് ജര്‍മനിയുടെ സമനില ഗോള്‍ നേടി.
സമനില മാത്രം പോരായിരുന്നു ജർമനിക്ക്. ഇനിയുള്ള യാത്രയിൽ സമ്മർദ്ദമില്ലാതെ കളിക്കണമെങ്കിൽ സ്വീഡനെ തോൽപ്പിക്കണമായിരുന്നു. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ടോണി ക്രൂസിന്റെ ബൂട്ടുകള്‍ ജര്‍മനിയെ രക്ഷിച്ചു.
ഇഞ്ചുറി ടൈം ആകെ ലഭിച്ചത് അഞ്ച് മിനുട്ട്. ഇതില്‍ അഞ്ചാം മിനുട്ടില്‍ ജര്‍മനിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നു. റൂയിസിനെ മുന്നില്‍ നിര്‍ത്തി തന്ത്രം മെനഞ്ഞ് ക്രൂസ് പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് പറഞ്ഞയച്ചു. തകര്‍പ്പന്‍ ഫ്രീകിക്ക്! ജര്‍മനി 2 സ്വീഡന്‍ 1.