ഫെംഗ്ഷൂയി ആമ എന്തിന്?

WD
ചൈനീസ് കടകളില്‍ അല്ലെങ്കില്‍ ഫാന്‍സി കടകളില്‍ കയറിയാല്‍ ഫെംഗ്ഷൂയി വസ്തുക്കള്‍ നിരത്തി വച്ചിരിക്കുന്നത് കാണാം. എന്നാല്‍, നമ്മില്‍ പലര്‍ക്കും ഇവയുടെ പേര് അറിയാമെങ്കിലും എന്താണ് ഉപയോഗമെന്ന് വലിയ പിടിയുണ്ടാവില്ല.

ഇങ്ങനെയുള്ള അവസ്ഥയില്‍ ഭാഗ്യ വസ്തുക്കള്‍ ഗിഫ്റ്റായി ലഭിച്ചാല്‍ കാര്യം കുഴങ്ങിയത് തന്നെ. ഇത്തരം വസ്തുക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കി യോജിച്ച സ്ഥാനത്ത് വച്ചില്ല എങ്കില്‍ വീട്ടിലെ അന്തരീക്ഷത്തിന് അനാരോഗ്യകരമായ മാറ്റം ഉണ്ടായേക്കാമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു ഫെംഗ്ഷൂയി ആമയെ സമ്മാനമായി ലഭിച്ചു എന്നിരിക്കട്ടെ. അത് അലക്‍ഷ്യമായി എവിടെയെങ്കിലും വച്ചാല്‍ നല്ല ഫലം ലഭിക്കുമോ? ഇല്ല.

ഫെംഗ്ഷൂയി പ്രകാരം നാല് മൃഗങ്ങളെ നല്ല ഊര്‍ജ്ജത്തിന്‍റെ കാവല്‍ക്കാരായി കണക്കാക്കുന്നു. ഡ്രാഗണ്‍, ഫീനിക്സ്, കടുവ, ആമ എന്നിവരാണ് നാല് കാവല്‍ക്കാര്‍. ഇതില്‍ ആമ സംരക്ഷണ ഊര്‍ജ്ജം നല്‍കുന്നു എന്നാണ് വിദഗ്ധരുടെ മതം. വീടിന് പിറക് ഭാഗത്ത് വച്ചിരിക്കുന്ന ആമ സംരക്ഷണം നല്‍കുകയും ഒപ്പം രോഗ ശാന്തിക്കും സഹായിക്കുമെന്നാണ് വിശ്വാസം.

ഓഫീസില്‍ നിങ്ങളുടെ സീറ്റിനു പിറകില്‍ ചെറിയ കറുത്ത മെറ്റല്‍ ആമയെ വയ്ക്കാം. ഇത് ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് മുന്നേറ്റം നല്‍കും. കറുത്ത മെറ്റല്‍ ആമയെ വടക്ക് ഭാഗത്ത് വച്ചാല്‍ നിങ്ങളുടെ ജോലിയില്‍ അഭിവൃദ്ധിയുണ്ടാവും. ഇത് വ്യാപാരത്തിന് അനുകൂലമായ ഊര്‍ജ്ജവും സ്ഥാനക്കയറ്റ സാധ്യതയും ഉണ്ടാക്കും.

പ്രധാന വാതിലിന് അഭിമുഖമായും ഫെംഗ്ഷൂയി ആമയെ വയ്ക്കാം. ഇത് ഭൌമോര്‍ജ്ജം കൂടുതലായി ആകര്‍ഷിക്കുന്നതിനൊപ്പം പ്രധാന വാതിലിന് സംരക്ഷണവും നല്‍കുന്നു.

ആമയെ വീടിനകത്തേക്ക് നോക്കുന്ന രീതിയില്‍ വയ്ക്കാനാണ് മിക്ക വിദഗ്ധരും ഉപദേശിക്കാറുള്ളത്. ഇത് താമസക്കാര്‍ക്ക് ആവശ്യമായ സംരക്ഷണവും നല്ല ഊര്‍ജ്ജവും പ്രദാനം ചെയ്യും.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :