മാവേലിക്കരയില്‍ അടിയൊഴുക്കുകള്‍ ഭയന്ന്‌ ഇരുമുന്നണികളും

മാവേലിക്കര| WEBDUNIA|
PRO
PRO
ലോക്‍സഭ തെരഞ്ഞെടുപ്പിന്‌ ഒന്‍പത്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മണ്ഡലത്തില്‍ അടിയൊഴുക്കുകളില്‍ ഭയന്ന്‌ ഇരുമുന്നണികളും. കൊടിക്കുന്നിലിന്‌ ഐ ഗ്രൂപ്പില്‍നിന്നും ചെങ്ങറയ്ക്ക്‌ സിപിഎമ്മില്‍ നിന്നുമാണ്‌ ഭീഷണി ഉയര്‍ന്നിരിക്കുന്നത്‌. പ്രകടമായി ഗ്രൂപ്പ്‌ പ്രകടിപ്പിക്കാറില്ലെങ്കിലും എ ഗ്രൂപ്പിനോട്‌ അടുത്ത സമീപനമാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ തുടരുന്നത്‌.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊടിക്കുന്നിലിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നതും എ ഗ്രൂപ്പായിരുന്നു. പ്രാദേശികമായി ഫണ്ടുകള്‍ വിനിയോഗിക്കുന്നതിലും ഇത്തരക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയത്‌. അതിനാല്‍ ആദ്യം മുതല്‍ തന്നെ ഐ ഗ്രൂപ്പ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളോട്‌ അയഞ്ഞ സമീപനമാണ്‌ സ്വീകരിച്ചത്‌. ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ക്ക്‌ തെരഞ്ഞെടുപ്പിന്റെ പ്രധാന ഉത്തരവാദിത്തം നല്‍കിയും രമേശ്‌ ചെന്നിത്തലയെ പങ്കെടുപ്പിച്ച്‌ ലോക്‍സഭ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യിപ്പിച്ചും ഇതിനെ മറികടക്കാന്‍ കൊടിക്കുന്നില്‍ പരിശ്രമിച്ചിരുന്നെങ്കിലും ഇത്‌ വിജയിച്ചില്ലെന്നാണ്‌ റിപ്പോര്‍ട്ട്.

ഐ ഗ്രൂപ്പിന്‌ സ്വാധീനമുള്ള സ്ഥലങ്ങളില്‍ അഭ്യര്‍ഥന പോലും ഇതുവരെ വീടുകളില്‍ നല്‍കിയിട്ടില്ല. അതോടൊപ്പം ഈ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക്‌ ലഭിച്ച സ്വീകരണങ്ങള്‍ക്കും തണുപ്പന്‍ സമീപനമായിരുന്നു. അതിനാല്‍ ഇത്തരം വോട്ടുകള്‍ എതിര്‍ചേരിയിലേക്ക്‌ പോകുമോ എന്ന ഭയത്തിലാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌. സിപിഎം കേന്ദ്രങ്ങളെ പൂര്‍ണമായും തെരഞ്ഞെടുപ്പ്‌ ആവേശത്തിലേക്ക്‌ എത്തിക്കാന്‍ സാധിക്കാത്തതാണ്‌ സിപിഐ നേരിടുന്ന പ്രധാന വെല്ലുവിളി. നിര്‍ണായക സ്വാധീനമുള്ള ചില നേതാക്കള്‍ ആലപ്പുഴ, കൊല്ലം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതും സിപിഐ ക്യാമ്പിനെ ഭയപ്പാടിലാക്കുന്നു.

ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയാക്കാത്ത ലോക്കല്‍ കമ്മറ്റികള്‍ പോലുമുണ്ടെന്ന്‌ സിപിഐ നേതാക്കള്‍ പറയുന്നു. മണ്ഡലത്തിലെ ഇതുവരെയുള്ള പ്രവര്‍ത്തനം സംബന്ധിച്ച്‌ നടത്തിയ വിലയിരുത്തലില്‍ എല്‍ഡിഎഫിന്‌ ഒറ്റക്കെട്ടായി ഇതുവരെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിച്ചിട്ടില്ലെന്നാണ്‌. ആര്‍എസ്‌പി വലതു പാളയത്തിലേക്ക്‌ പോയത്‌ കുന്നത്തൂര്‍ മണ്ഡലത്തിലെ വിധി നിര്‍ണയത്തെ ബാധിക്കുമെന്നും സിപിഐ ആശങ്കപ്പെടുന്നു.

ഇതോടൊപ്പം കൊടിക്കുന്നിലുമായി മണ്ഡലത്തിലെ ചില സിപിഎം നേതാക്കളുടെ അടുത്ത ബന്ധവും ഇത്തരക്കാരുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിലെ മൗനവും കൊടിക്കുന്നിലിനെ സഹായിക്കുമോയെന്നും സിപിഐയെ ആശങ്കയിലാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :