ഹിറ്റ്ലറുടെ അവസാനം

WEBDUNIA|
ഫഹറര്‍ ബങ്കര്‍ എന്ന രഹസ്യ ഭൂഗര്‍ഭ മന്ദിരത്തിലേക്ക് ഹിറ്റ്ലറും ഉറ്റ അനുയായികളും അഭയം പ്രാപിച്ചു-1945 ജനുവരി 16ന്. കാമുകി ഈവാ ബ്രൗണ്‍, മാര്‍ട്ടിന്‍ ബോര്‍മാന്‍, ജോസഫ് ഗീബല്‍സ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സോവിയറ്റ് സൈന്യം ബര്‍ലിന് നേരെ വെടിയുതിര്‍ത്തു തുടങ്ങിയപ്പോള്‍ ഹിറ്റ്ലറുടെ മനോധൈര്യം ചോര്‍ന്നു. ഏപ്രില്‍ 22ന് തിരക്കു പിടിച്ചൊരു യോഗം ചേര്‍ന്ന് രക്ഷപ്പെടേണ്ട എന്നും ബര്‍ലിനില്‍ കിടന്ന് മരിക്കാമെന്നും ഹിറ്റ്ലര്‍ തീരുമാനിച്ചു.

23ന് റോബര്‍ട്ട് വോണ്‍ ഗ്രെയിനിനെ പിന്‍ഗാമിയായി വാഴിച്ചു. ഏപ്രില്‍ 28 ന് ഹിറ്റ്ലര്‍ വില്‍പ്പത്രവും രാഷ്ട്രീയ പ്രഖ്യാപനവും എഴുതിവച്ചു. 29 ന് കാമുകിയായ ഈവാ ബ്രൗണിനെ വിവാഹം ചെയ്തു. അല്‍പ്പം ചീരക്കറിയും ചീസും കഴിച്ച് ഇരുവരും ഭൂഗര്‍ഭ വസതിയിലെ പഠനമുറിയിലേക്ക് പോയി.

മുപ്പതാം തീയതി രാവിലെ മരിച്ചു കിടക്കുന്ന ഹിറ്റ്ലറെയും ഈവാ ബ്രൗണിനെയുമാണ് കൂട്ടാളികള്‍ കണ്ടത്. ഹിറ്റ്ലര്‍ നെറ്റിയിലോ വായ്ക്കകത്തോ വെടിവച്ചാണ് മരിച്ചത്. ഈവാ ബ്രൗണ്‍ സയനൈഡ് കഴിച്ചും. അപ്പോള്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ചെമ്പട. കൂട്ടാളികള്‍ ഇവരുടെ ശരീരം പുറത്തുകൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ചു. പക്ഷെ, മുഴുവന്‍ കത്തി തീരുന്നതിന് മുന്‍പേ റഷ്യന്‍ പട്ടാളം അവിടെയെത്തി.

ഇത് ഹിറ്റ്ലറുടെ തന്നെ മൃതദേഹമാണോ എന്ന് സംശയമുണ്ടായിരുന്നു. ഹിറ്റ്ലറുടേതെന്നു കരുതി മറ്റൊരു മൃതശരീരം ചെമ്പട കൈവശം വയ്ക്കുകയും ചെയ്തിരുന്നു.

എവിടെയായിരുന്നു ഹിറ്റ്ലറുടെ ഭൂഗര്‍ഭ വസതി എന്നാര്‍ക്കും അറിയില്ല. ഏകദേശ ഊഹമുണ്ടെന്നു മാത്രം. പിന്നീടുണ്ടായ ബര്‍ലിന്‍ മതിലിനോട് ചേര്‍ന്നാണിത്. ഊഹം വച്ച് ബര്‍ലിനിലെ ആ ബങ്കര്‍ തകര്‍ക്കാന്‍ രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ബര്‍ലിന്‍ മതിലിന് അല്‍പം കേടുപറ്റിയതു മാത്രം മിച്ചം.

ഇന്ന് ഈ ഭാഗത്ത് കൊള്ളാവുന്ന ഒരു ചൈനീസ് റസ്റ്റാറന്‍റാണുള്ളത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :