സേതുസമുദ്രം പദ്ധതി കയ്യാങ്കളിയാവുമ്പോള്‍

ബെന്നി ഫ്രാന്‍സിസ്

FILEFILE
ബിജെപിയോ ഡി.എം.കെയോ? കോലം കത്തിച്ച് ബലാബലം (സെപ്തംബര്‍ 23)

വി.എച്ച്.പിക്കാര്‍ കരുണാനിധിയുടെയും ഡി.എം.കെക്കാര്‍ രാം‌വിലാസ് വേദാന്തിയുടെയും കോലങ്ങള്‍ കത്തിച്ചുകൊണ്ട് തിരുനെല്‍‌വേലിയില്‍ ബലപരീക്ഷണം നടത്തി. തമിഴ്‌നാട്ടില്‍ വേദാന്തിയുടെ ഫത്വ വിലപ്പോവില്ലെന്ന് ആക്രോശിച്ചുകൊണ്ട് അമ്പതോളം വരുന്ന ഡി.എം.കെക്കാര്‍ വേദാന്തിയുടെ കോലം കത്തിച്ചതോടെയാണ് വി.എച്ച്.പി - ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്. രാമന്‍ ചരിത്രപുരുഷന്‍ അല്ലെന്ന് പറഞ്ഞ കരുണാനിധിയുടെ കോലം കത്തിച്ച് അവര്‍ പകരം വീട്ടി. തുടര്‍ന്നങ്ങോട്ട് കോലം കത്തിക്കല്‍ മത്സരമായിരുന്നു. ഒരു ഡസനിലേറെ വേദാന്തിയും കരുണാനിധിയും ഇവിടെ കത്തിപ്പോയി!

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ (പാവം വേദാന്തി) (സെപ്തംബര്‍ 23)

തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ തലയും നാവും കൊയ്‌തുകൊണ്ടുവരാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് മുന്‍ ബിജെപി എം‌പിയും വി.എച്ച്.പി നേതാവുമായ രാം‌വിലാസ് വേദാന്തി. കരുണാനിധിയുടെ തലയും നാവും കൊണ്ടുവരുന്നവര്‍ക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കുമെന്നും പറഞ്ഞിട്ടില്ലെന്നും വേദാന്തി വെളിപ്പെടുത്തി. “നടത്തിയ അഭിപ്രായങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് ഫത്വയാക്കി മാറ്റിയതാണെന്ന് വേദാന്തി കുറ്റപ്പെടുത്തി. ഭഗവദ്‌ഗീതയാണ് എനിക്ക് ഗുരു. ഞാന്‍ ആര്‍ക്കെതിരെയും ഫത്വാ വിധിച്ചിട്ടില്ല. ഒരുതരത്തിലുള്ള അതിക്രമത്തിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍” - വേദാന്തി വിനീതഹൃദയനായി.

മതമല്ല, മരമാണ് വളര്‍ത്തേണ്ടതെന്ന് കരുണാനിധി (സെപ്തംബര്‍ 24)

മതങ്ങളെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ ‘തല കൊണ്ടുവാ, നാവ് കൊണ്ടുവാ’ എന്നൊക്കെ മതങ്ങള്‍ ആവശ്യപ്പെട്ടുതുടങ്ങും. മാനവകുലത്തിന് ഉപകാരപ്രദമാവുന്ന മരങ്ങളെ വളര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് ഫലങ്ങളും തണലും കിട്ടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി. ഈശാ ഗ്രാമോത്സവ പ്രസ്ഥാനം ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ‘മരം നടും’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാനിധി. “മതം വളര്‍ത്തണോ മരം വളര്‍ത്തണോ സ്വയം ചോദിക്കുക” - കരുണാനിധി ഫിലോഫിസ്റ്റായി.


WEBDUNIA|
(വെബ്‌ദുനിയ മലയാളം, വെബ്‌ദുനിയ തമിഴ്, ദിനതന്തി, ദിനമലര്‍, ന്യൂസ്‌റ്റുഡേ എന്നീ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് കടപ്പാട്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :